സൗദി അറേബ്യയിലെ അൽ ഹദീത അതിർത്തി വഴി ഫാവ ബീൻസ് ടിന്നുകളിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 4 ലക്ഷത്തിലധികം ആംഫെറ്റമൈൻ ഗുളികകൾ അധികൃതർ പിടികൂടി. കസ്റ്റംസ്, നാർക്കോട്ടിക് കൺട്രോൾ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ നീക്കത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. ലഹരിക്കടത്ത് തടയാൻ രാജ്യത്തുടനീളം പരിശോധന കർശനമാക്കിയിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് പരിശോധന കർശനമാക്കിയതോടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ദിവസവും പിടിയിലാകുന്നത്. രാജ്യത്തെ വടക്കൻ കര അതിർത്തി പോർട്ട് വഴിയെത്തിയ ട്രക്കിലെ വാണിജ്യ ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച വൻ ലഹരി ശേഖരമാണ് ഏറ്റവും ഒടുവിലായി അധികൃതർ പിടികൂടിയത്.

രാജ്യത്തെ ഏറ്റവും വലിയ കര തുറമുഖവും അറേബ്യൻ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുഖ്യ കവാടവുമായ ജോർദാൻ അതിർത്തിയിലെ അൽ ഹദീത ബോർഡർ പോർട്ടിലാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്. സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 4,13,450 ആംഫെറ്റമൈൻ ഗുളികകൾ ടിന്നിലടച്ച 'ഫാവ ബീൻസ്' ശേഖരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗവുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യകളും തത്സമയ കണ്ടെത്തൽ സംവിധാനങ്ങളും ഉപയോഗിച്ച് കസ്റ്റംസ് നടപടിക്രമങ്ങൾക്കിടെയാണ് ഈ ലഹരിക്കടത്ത് തടയാൻ സാധിച്ചത്. സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി കര, കടൽ, വ്യോമ പ്രവേശന കേന്ദ്രങ്ങളിലെല്ലാം കസ്റ്റംസ് പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അൽ ഹർബി വ്യക്തമാക്കി.

അത്യാധുനിക ഉപകരണങ്ങൾക്കൊപ്പം യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ തന്ത്രങ്ങൾ തിരിച്ചറിയാനും പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ധരും കസ്റ്റംസ്, നാർക്കോട്ടിക് കൺട്രോൾ വിഭാഗങ്ങളിൽ സജ്ജമാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സൗദിയിലേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ഏതൊരു ശ്രമവും വിഫലമാകുമെന്നും എല്ലാ പ്രവേശന കവാടങ്ങളിലും കർശന നിയന്ത്രണം തുടരുമെന്നും അതോറിറ്റി ആവർത്തിച്ചു.

സംശയാസ്പദമായ കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പറിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് തെളിഞ്ഞാൽ സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു.