ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദിലെ ഇന്ത്യൻ എംബസി നടപടികൾ ഊർജ്ജിതമാക്കി. വിവിധ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യക്കാരുടെ വിവരങ്ങളും എംബസി പുറത്തുവിട്ടു. കൂടാതെ, മിസൈൽ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പകർത്തരുതെന്ന് പ്രവാസികൾക്ക് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
റിയാദ്: ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടികളും പൂർത്തിയാക്കാൻ മുൻകൈയെടുക്കുന്നതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിനായി പരേതന്റെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നതായും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കിയെന്നും വാർത്തക്കുറുപ്പിൽ വ്യക്തമാക്കി. ഒക്ടോബർ 21-നാണ് ദമ്മാം വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടമായത്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ മറ്റ് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങളും അധികൃതർ പുറത്തുവിട്ടു.
പരിക്കേറ്റ രണ്ട് ഇന്ത്യക്കാരിൽ ഒരാളെ ഒക്ടോബർ 22-ന് ഡിസ്ചാർജ് ചെയ്തു. രണ്ടാമത്തെയാൾ ഇന്ന് ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ പ്രവിശ്യയിലുണ്ടായ ഷെയ്ബ എണ്ണപ്പാടം ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ ഒക്ടോബർ 22-ന് ഡിസ്ചാർജ് ആയി. റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിലും രണ്ടുപേർ ജനറൽ വാർഡിലും ചികിത്സയിലാണ്. ഏഴുപേർ ഇതുവരെ ഡിസ്ചാർജ് ആയി. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഇന്ത്യക്കാരന്റെ സംസ്കാരം ഒക്ടോബർ 12-ന് റിയാദിൽ നടന്നിരുന്നു. പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ വൈദ്യസഹായം ലഭ്യമാക്കിയ സൗദി ഭരണകൂടത്തോടും പ്രാദേശിക അധികൃതരോടും എംബസി നന്ദി അറിയിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
നിലവിലെ സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ സമൂഹം അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി വീണ്ടും ഓർമ്മിപ്പിച്ചു. വ്യോമാക്രമണ പ്രതിരോധങ്ങളുടെയോ, മിസൈൽ അല്ലെങ്കിൽ ഡ്രോൺ അവിശിഷ്ടങ്ങൾ പതിച്ച സ്ഥലങ്ങളുടെയോ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. പ്രാദേശിക നിയമങ്ങൾ കർശനമായി പാലിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും മുഴുവൻ പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.








