ചെറു വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതില്‍ നിന്നാണ് മൃതദേഹവും കണ്ടെടുത്തത്. തുടര്‍ന്ന് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. 

ഷെറ്റ്ലാന്‍ഡ്: ചെറു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് ഒരു മൃതദേഹം. നോര്‍ത്ത് സീ പ്രദേശത്ത് നിന്ന് കണ്ടെത്തിയ വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നാണ് മൃതദേഹ ഭാഗങ്ങളും ലഭിച്ചത്. ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി കാണാതായ ജര്‍മ്മന്‍ സ്വദേശിയായ പൈലറ്റിന്‍റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സ്കോട്ട്‍ലൻഡിലെ ഷെറ്റ്‍ലൻഡ് പ്രദേശത്ത് നിന്ന് വെള്ളിയാഴ്ച കണ്ടെടുത്ത 'സെസ്ന 172' എന്ന ചെറു വിമാനത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പൈലറ്റിന്‍റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയതെന്ന് 'ബിബിസി' റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെറ്റ്ലാന്‍ഡിനും നോര്‍വേയ്ക്കും ഇടയില്‍ വെച്ച് കഴിഞ്ഞ സെപ്തംബറില്‍ കാണാതായ വിമാനത്തിന്‍റെ ഭാഗങ്ങളാണ് ഇതെന്ന് എയര്‍ ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എഎഐബി) പറഞ്ഞു. വിമാന ഭാഗത്തിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി സ്കോട്ട്ലന്‍ഡ് പൊലീസ് അറിയിച്ചു. 

ഒരു എഞ്ചിന്‍ മാത്രമുള്ള നാല് സീറ്റുകളുള്ള വിമാനം, 2023 സെപ്തംബര്‍ 30ന് രാവിലെ 10.30നാണ് ജര്‍മ്മനിയിലെ ഹീസ്റ്റിലെ യുട്ടേഴ്സന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ജര്‍മ്മന്‍ അന്വേഷകരുടെ റിപ്പോര്‍ട്ട് പ്രകാരം 62കാരനായ പൈലറ്റ് ബെയ്റൂത്തിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.

എന്നാല്‍ ടേക്ക് ഓഫിന് പിന്നാലെ ഇദ്ദേഹം വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി. ഓട്ടോപൈലറ്റുള്ള ഒരു വിമാനത്തിനായി അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയിരുന്നതായും, അപകട ദിവസം രാവിലെ ഭാര്യയോട് അവര്‍ തീരുമാനിച്ച പോലെ ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാനാകില്ലെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. 

പറന്നുയര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ ഷെറ്റ്ലാന്‍ഡില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയുള്ള റഡാര്‍ സ്ക്രീനുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പൈലറ്റുമായി യാതൊരു ആശയവിനിമവും ഉണ്ടായിരുന്നില്ല. സെസ്ന വിമാനത്തെ കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് വിമാനം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചില്‍ ഫലപ്രദമായില്ല. 

എന്നാല്‍ ഈ വെള്ളിയാഴ്ച പീറ്റര്‍ഹെഡില്‍ രജിസ്റ്റര്‍ ചെയ്ത ബെനാര്‍ക്കിള്‍ രണ്ട് എന്ന വലിയ മത്സ്യബന്ധന ബോട്ടിന്‍റെ വലയില്‍ വിമാന അവശിഷ്ടങ്ങൾ കുരുങ്ങുകയായിരുന്നു. ഇത് പൊക്കിയെടുത്ത് കടലിന്‍റെ ഉപരിതലത്തിലേക്ക് കൊണ്ടുവരികയും തുടര്‍ന്ന് ഞായറാഴ്ചയോടെ ലെര്‍വിക് തീരത്തേക്ക് എത്തിക്കുകയുമായിരുന്നു. മനുഷ്യന്‍റെ മൃതദേഹം ഇതില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. സ്കോട്ട്ലന്‍ഡ് പൊലീസും ജര്‍മ്മന്‍ അധികൃതരുമായും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്ന് എഎഐബി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം