പ്രവാസിയെ താമസസ്ഥലത്തെ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

റിയാദ്: ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. റിയാദിൽ നിന്നും 140 കിലോമീറ്റർ അകലെ താദിക്കിൽ രണ്ടുമാസം മുമ്പ് കൃഷിജോലിക്കെത്തിയ തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാചലം ചിന്ന ദുരൈയെ (32) റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. രണ്ടു ദിവസമായി വെങ്കിടാചലത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ സുഹൃത്തുക്കൾ മുഖേന അന്വേഷിക്കുന്നതിനായി റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയായിരുന്നു.

കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യൻ എംബസിയിൽ പരാതി നൽകിയ ശേഷം മുസാഹ്മിയ ഏരിയാ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോളിെൻറയും ജീവകാരുണ്യ കൺവീനർ നസീർ മുള്ളൂർക്കരയുെടെയും നേതൃത്വത്തിൽ താദിക്കിലെ പ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് സ്‌പോൺസറുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ച് ഇന്ത്യൻ എംബസിയെയും നാട്ടിൽ കുടുംബത്തെയും വിവരമറിയിച്ചു.

Read Also - പരിശീലകൻ വളർത്തുന്ന സിംഹത്തിന്‍റെ ആക്രമണത്തിൽ 17കാരന് ഗുരുതര പരിക്ക്; തലക്കും മുഖത്തും ആഴത്തിൽ മുറിവേറ്റു

ജോലിക്കെത്തിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂവെന്നും കൂടാതെ ആത്മഹത്യ ചെയ്തത് കൊണ്ടും മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് സ്പോൺസർ നിലപാടെടുത്തു. വിഷയം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും എംബാം ചെയ്യുന്നതിനുമുള്ള ചെലവുകൾ എംബസി വഹിച്ചു. ഫോൺ രേഖകൾ പരിശോധിച്ച പൊലീസ് പറയുന്നത് മരിക്കുന്നതിന്ന് മുമ്പ് ആത്മഹത്യയെ കുറിച്ച് നെറ്റിൽ സെർച്ച് ചെയ്തിരുന്നു എന്നാണ്. കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടികൾ സ്വീകരിച്ച് വ്യാഴാഴ്ചത്തെ എയർ ഇന്ത്യ വിമാനത്തിൽ മൃതശരീരം നാട്ടിലെത്തിച്ചു. അതിനിടെ വെങ്കിടാചലത്തിെൻറ നിർധന കുടുംബം, തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ച് ജില്ലാ അധികാരികൾക്ക് പരാതി നൽകി. രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു വെങ്കിടാചലം. ജില്ലാ അധികാരികൾ അനുഭാവപൂർവം പരിഗണിച്ച വിഷയത്തിൽ ഉപജീവനത്തിനായി ഭാര്യക്ക് തയ്യൽ മെഷീനും മറ്റ് ലോൺ സൗകര്യങ്ങളും ചെയ്ത് കൊടുത്തതായി അമ്മ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം