ഇടുക്കി: കുവൈത്തിൽ കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് കുവൈത്ത് അംബാസിഡർ കെ. ജീവ സാഗറിന് കത്ത് നൽകി. ഭക്ഷണവും മരുന്നും വാങ്ങിക്കാൻ കഴിയാതെ ഭൂരിഭാഗം തൊഴിലാളികളും മാനസിക സംഘർഷത്തിലായ സാഹചര്യത്തിലാണ് കത്ത് അയച്ചതെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രം ഇടപെട്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. യുഎയിലെ 2.8 ദശലക്ഷം പ്രവാസികളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. അവിടെ സ്ഥിതി മോശമാണെന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. 

പ്രവാസികള്‍ ഉന്നയിച്ചതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എംബസിക്ക് നോര്‍ക്ക നല്‍കിയ കത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ ഫീസ് അടയ്ക്കുന്ന സമയം നീട്ടി നല്‍കല്‍, പാസ്‌പോര്‍ട്ട് സംബന്ധമായ പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ ഇടപെട്ടെന്ന് യുഎഇ അംബാസിഡര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുവെന്ന് കുവൈത്ത് ഇന്ത്യന്‍ അംബാസിഡറും വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക