സമ്മാനത്തുക പഠനം പൂർത്തിയാക്കാനും മറ്റൊരാളുടെ ആഗ്രഹം സാഫല്യമാക്കാനും ഉപയോഗിക്കും.

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ ആദ്യ ആഴ്ച്ചയിൽ സഫലമായ ആഗ്രഹങ്ങളിലൊന്ന് ഇന്ത്യയിൽ നിന്നുള്ള പ്രവാസി കജോൾ ശ്രീ രവിചന്ദ്രന്റേതാണ്. 100,000 ദിർഹം ആണ് കജോൾ സ്വന്തമാക്കിയത്.

സൈബർസെക്യൂരിറ്റി വിദ്യാർത്ഥിയായ കജോൾ, പഠനം പൂർത്തിയാക്കാനാണ് “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിൽ ആഗ്രഹം സമർ‌പ്പിച്ചത്. കജോളിന്റെ കുടുംബം 2002 മുതൽ യു.എ.ഇയിൽ ആണ് ജീവിക്കുന്നത്. 2018-ൽ കജോളിന്റെ പിതാവ് അനന്തരവന്റെ ചികിത്സയ്ക്ക് വേണ്ടി ഒരു ലോൺ എടുത്തു. ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ കുടുംബം കട ബാധ്യതയിലേക്ക് പോയി. പിന്നാലെ കജോൾ പഠനം അവസാനിപ്പിച്ചു.

"ആഗ്രഹമില്ലാഞ്ഞിട്ടല്ല, സാഹചര്യം ഇല്ലാത്തത് കൊണ്ടാണ് പഠനം നിർത്തേണ്ടി വന്നത്. എനിക്ക് പഠനം പൂർത്തിയാക്കണം, ജോലി ചെയ്യണം. രക്ഷിതാക്കളോട് ഇനി നിങ്ങൾ വിശ്രമിച്ചോളൂ എന്ന് പറയണം." - 24 വയസ്സുകാരിയായ കജോൾ പറയുന്നു.

സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന “ഡിയർ ബിഗ് ടിക്കറ്റി"നെക്കുറിച്ച് കജോളിന്റെ സഹോദരിയാണ് പറഞ്ഞത്. ആദ്യ ആഴ്ച്ചയിലെ അഞ്ച് പേരുടെ ചുരുക്കപ്പട്ടികയിൽ കജോൾ ഇടംപിടിക്കുകയും ചെയ്തു.

“ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ ആദ്യ ആഴ്ച്ചയിലെ വിജയിയായി എന്നറിഞ്ഞപ്പോൾ വൈകാരികമായാണ് കജോൾ പ്രതികരിച്ചത്. “പറയാൻ എനിക്ക് വാക്കുകളില്ല. ഞാൻ ഇത് പ്രതീക്ഷിച്ചതേയില്ല. വളരെ നന്ദി. ഇത് ഞാൻ ഒരുപാട് വിലമതിക്കുന്നു.” കജോൾ വിജയിയായ നിമിഷത്തിന് സാക്ഷിയായി അമ്മയും ഉണ്ടായിരുന്നു.

തനിക്ക് ലഭിച്ച സമ്മാനത്തുക പഠനം പൂർത്തിയാക്കാനും മറ്റൊരാളുടെ ആഗ്രഹം സാഫല്യമാക്കാനും ഉപയോഗിക്കുമെന്നാണ് കജോൾ പറയുന്നത്.

യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.