പ്രേക്ഷകരുടെ വോട്ടിന്റെ പിന്തുണയോടെ വിനീത 100,000 ദിർഹം സ്വന്തമാക്കി.

യു.എ.ഇ നിവാസികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് അബുദാബിയുടെ “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിലെ മൂന്നാമത്തെ ആഴ്ച്ചയിൽ വിജയിയായി വിനീത ഷിബു കുമാർ.

മകന്റെ വിദ്യാഭ്യാസത്തിനായാണ് വിനീത “ഡിയർ ബിഗ് ടിക്കറ്റ്” മൂന്നാം സീസണിൽ ആഗ്രഹം സമർ‌പ്പിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ പിന്തുണയോടെ വിനീത 100,000 ദിർഹം സ്വന്തമാക്കി.

പന്ത്രണ്ടാം ക്ലാസ്സിലാണ് വിനീതയുടെ മകൻ പഠിക്കുന്നത്. എട്ടാം വയസ്സിൽ മകന് എപ്പിലെപ്സി രോ​ഗം സ്ഥിരീകരിച്ചു. പിന്നീട് മകന് ഒരു സാധാരണ ജീവിതം സാധ്യമാക്കാൻ നിരവധി ത്യാ​ഗങ്ങളാണ് ബിഹേവിയർ തെറാപ്പിസ്റ്റായ വിനീതയും ഭർത്താവും സഹിച്ചത്. മകന്റെ തുടർ പഠനത്തിനായി യു.എ.ഇയിൽ തന്നെ കോഴ്സുകൾക്ക് ശ്രമിച്ചപ്പോൾ താങ്ങാനാകുന്ന ഫീസ് അല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞു.

ആരോ​ഗ്യ പ്രശ്നം കാരണം മകനെ നാട്ടിലേക്ക് തിരികെ അയക്കാനും കഴിയാത്ത അവസ്ഥയാണ്. ഇതോടെ ഡിയർ ബി​ഗ് ടിക്കറ്റിൽ തങ്ങളുടെ ആ​ഗ്രഹം സമർപ്പിക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.

"മകനായാണ് ഈ വിജയം സമർപ്പിക്കുന്നത്. ഒപ്പം ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറയുന്നു." - നിറകണ്ണുകളോടെ വിനീത പറഞ്ഞു.

യു.എ.ഇയിലെ താമസക്കാർക്ക് അവരുടെ ഏറ്റവും ആത്മാർത്ഥമായ ആഗ്രഹങ്ങൾ പങ്കുവെക്കാനുള്ള അവസരമായിരുന്നു “ഡിയർ ബിഗ് ടിക്കറ്റ്". അഞ്ച് വിഭാഗങ്ങളായിട്ടായിരുന്നു ആഗ്രഹങ്ങൾ സമർപ്പിക്കാൻ അവസരം. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, സംരംഭകത്വം, കുടുംബങ്ങളുടെ കൂടിച്ചേരൽ എന്നിവയായിരുന്നു ഇവ.

ചുരുക്കപ്പട്ടികയിൽ ഇടം നേടിയ അഞ്ച് ആഗ്രഹങ്ങൾക്ക് പൊതുജനങ്ങൾക്ക് വോട്ടു ചെയ്യാനാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ഓരോ ആഴ്ച്ചയും രണ്ട് വിജയികളെ തെരഞ്ഞെടുക്കുക. ഏറ്റവും അധികം വോട്ടുകൾ നേടുന്ന രണ്ടെണ്ണത്തിന് 100,000 ദിർഹം നേടാം. മാത്രമല്ല ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്ന ഒൻപത് ആഗ്രഹങ്ങൾക്ക് 10,000 ദിർഹം വീതം നേടാനുമാകും.