റിയാദ്: മദീനയില്‍ കഴിഞ്ഞ വ്യാഴാഴ്ച (ഒക്ടോബര്‍ 17) ഉംറ തീര്‍ഥാടകരുടെ ബസ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബിഹാര്‍ സ്വദേശി മുഹമ്മദ് അഷ്റഫ് അന്‍സാരി, ഉത്തര്‍പ്രദേശ് സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സഹീര്‍ ഖാന്‍, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് മുഖ്താര്‍ എന്നിവരാണ് മരിച്ചവരില്‍ ഉള്‍പെട്ടിട്ടുള്ളതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചത്. 

കൂട്ടിയിടിയുടെ ആഘാതത്തില്‍ തീപിടിച്ച ബസിലെ യാത്രക്കാരില്‍ 36 പേര്‍ വെന്താണ് മരിച്ചത്. അതുകൊണ്ട് തന്നെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇനിയും വൈകും. മൊത്തം 39 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ ആരൊക്കെയാണെന്ന് വെളിപ്പെട്ടതോടെയാണ് മരിച്ചവരെ കുറിച്ച് കൃത്യമായ നിഗമനത്തിലത്തൊന്‍ കഴിഞ്ഞത്. മരിച്ചതായി കരുതുന്ന ഏഴ് ഇന്ത്യാക്കാരും ബസിലുണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വെന്തുമരിച്ചവരില്‍ അവരുണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

മഹാരാഷ്ട്ര സ്വദേശികളായ മാതിന്‍ ഗുലാം വാലി, ഭാര്യ സിബ നിസാം ബീഗം എന്നിവര്‍ പൊള്ളലേറ്റ് മദീന കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. റിയാദില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിന് വന്നവരായിരുന്നു 39 പേരും. മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലേക്ക് പുറപ്പെട്ട ബസ് വൈകീട്ട് ഏഴോടെ മദീനയില്‍ നിന്ന് 170 കിലോമീറ്ററകലെ ഹിജ്റ റോഡിലാണ് അപകടത്തില്‍ പെട്ടത്. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടച്ച ബസില്‍ തീയാളിപ്പടരുകയായിരുന്നു. 

നിന്നുകത്തിയ ബസിനുള്ളില്‍ കുടുങ്ങിയ 36 പേരും വെന്തുമരിച്ചു. മൂന്ന് പേര്‍ക്കേ രക്ഷപ്പെടനായുള്ളൂ. അവരില്‍ മാതിന്‍ ഗുലാംവാലി, സിബ നിസാം ബീഗം ദമ്പതികളും മറ്റൊരാളും ആശുപത്രിയിലുമാണ്. ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ നടുക്കവും അനുശോചനവും രേഖപ്പെടുത്തിയിരുന്നു. ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടയിലാണ് ഇന്ത്യാക്കാരുടെ മരണം സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്.