ദുബൈ: പൊതുവാഹനങ്ങള്‍ക്കായി ദുബൈയില്‍ കൂടുതല്‍ റെഡ് ട്രാക്കുകള്‍ സജ്ജമായി. ബസുകള്‍ക്കും ടാക്സികള്‍ക്കും മാത്രമായുള്ള ഈ ട്രാക്കുകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. സ്വകാര്യ വാഹനങ്ങള്‍ റെഡ് ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹം പിഴ ലഭിക്കും. ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റില്‍ തയ്യാറാക്കിയ റെഡ് ട്രാക്ക് ഇന്നുമുതല്‍ ഉപയോഗിച്ചു തുടങ്ങി.

പൊതുയാത്രാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടും പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഗതാഗതക്കുരുക്കുകളില്‍ അകപ്പെടാതിരിക്കാനുമാണ് പുതിയ സംവിധാനം. ബസുകള്‍ക്കും ടാക്സികള്‍ക്കും പുറമെ പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് തുടങ്ങിയവക്കും ഈ പാതകള്‍ ഉപയോഗിക്കാം. ദുബൈയിലെ പ്രധാന റോഡുകളിലെല്ലാം റെഡ് ട്രാക്കുകള്‍ സജ്ജമാക്കാനാണ് പദ്ധതി. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് യാത്രാ സമയത്തില്‍ കുറഞ്ഞത് 24 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പേര്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാനും സാധിക്കും.