ദില്ലിയിലേക്ക് പുറപ്പെട്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി റിയാദിലിറക്കിയത്. 

റിയാദ്: ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനമാണ് റിയാദില്‍ ഇറക്കിയത്.

വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിമാനത്തിന്‍റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്. ടിഷ്യു പേപ്പറില്‍ എഴുതിയ സന്ദേശം ശുചിമുറിയില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിന്‍റെ ഒരു വശത്തേക്ക് മാറ്റി. ലഗേജുകള്‍ എടുക്കാന്‍ യാത്രക്കാരെ അനുവദിച്ചില്ല. തുടര്‍ന്ന് പരിശോധനകള്‍ക്ക് ശേഷം ഇവരെ ടെര്‍മിനലിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് നടന്ന വിമാനത്തിലെ പരിശോധനകള്‍ മൂന്നര മണിക്കൂറിലേറെ നീണ്ടു. പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി, എത്രയും വേഗം വിമാനം യാത്രക്കാരുമായി പുറപ്പെടുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.