എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതും മനസിലായി. 

കവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുകടത്തപ്പെട്ട പ്രവാസി വ്യാജ പാസ്‍പോര്‍ട്ടില്‍ തിരിച്ചെത്തി. പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുകയായിരുന്നു. കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പാസ്‍പോര്‍ട്ട് പരിശോധനയ്ക്ക് ഇയാള്‍ സമര്‍പ്പിച്ചപ്പോഴാണ് കുടുങ്ങിയത്.

എമിഗ്രേഷന്‍ കൗണ്ടറിലുണ്ടായിരുന്ന ഓഫീസര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോള്‍ നേരത്തെ നാടുകടത്തിയതും തിരികെ കുവൈത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതും മനസിലായി. തുടര്‍ന്ന് ഇയാളെ വിമാനത്താവളത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. എന്നാല്‍ ഇതിനിടെ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഹാളില്‍ നിന്ന് ഇയാള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി.

ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ വീണ്ടും പിടികൂടി. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ സ്വന്തം രാജ്യത്തേക്ക് വീണ്ടും നാടുകടത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുകയാണ്. തൊഴില്‍ വിസകള്‍ അനുവദിക്കുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായി ജോലിക്ക് വരുന്നയാളിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കണമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read also: റോഡിലെ കുഴിയുണ്ടോ എന്ന് നോക്കാന്‍ ലേസര്‍ സാങ്കേതികവിദ്യയുള്ള ആധുനിക വാഹനം; അന്താരാഷ്ട്ര പുരസ്കാരം നേടി ദുബൈ