ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വിമാനങ്ങളും കപ്പലുകളും ഉപയോഗിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. മടങ്ങേണ്ടവരുടെ പട്ടിക അതത് രാജ്യങ്ങളിലെ എംബസികളും ഇന്ത്യന്‍ ഹൈക്കമ്മീഷനുകളുമാണ് തയ്യാറാക്കേണ്ടത്. യാത്രാ ചിലവ് പ്രവാസികള്‍ തന്നെ വഹിക്കണം. മേയ് ഏഴ് മുതല്‍ നടപടികള്‍ തുടങ്ങും.

വിമാനയാത്ര തുടങ്ങുന്നതിന് മുമ്പ് മെഡിക്കല്‍ സ്ക്രീനിങ് നടത്തണം. രോഗ ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ആരോഗ്യ മന്ത്രാലയവും സിവില്‍ വ്യോമയാന മന്ത്രാലയവും പുറത്തിറക്കിയിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും യാത്രക്കാര്‍ പാലിക്കണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം എല്ലാവരും ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. എല്ലാവരെയും ഇവിടെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും.

പരിശോധനകള്‍ക്ക് ശേഷം 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആശുപത്രിയിലോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുന്ന മറ്റ് കേന്ദ്രങ്ങളിലോ സ്വന്തം ചെലവിലാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. 14 ദിവസത്തിന് ശേഷം കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിന് ശേഷം ആരോഗ്യ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തങ്ങളുടെ വെബ്സൈറ്റുകളില്‍ ഉടനെ നല്‍കും. തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും ക്വാറന്റൈനും യാത്രകള്‍ക്കുമുള്ള സംവിധാനങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ ഒരുക്കണമെന്നും അറിയിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.