ദില്ലി: വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് കണ്ണൂരിലും ഇറങ്ങാം. വിമാനങ്ങളെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വിമാന സര്‍വീസുകള്‍ മുഴുവനായി റദ്ദാക്കുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുമാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൊച്ചി വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നത് വരെ വിമാനങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടാനാണ് ഇന്ന് അനുമതി ലഭിച്ചത്. സാങ്കേതിക തടസങ്ങള്‍ നീങ്ങിയതോടെ വ്യോമഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ. പെരുന്നാള്‍ അവധിക്കാലത്ത് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഇത് അനുഗ്രഹമാവുകയും ചെയ്യും.

വ്യാഴാഴ്ച രാത്രി മഴ ശക്തമായതിനെ തുടര്‍ന്ന് ആദ്യം രാത്രി 12 വരെ വിമാനത്താവളം അടച്ചിനായിരുന്നു തീരുമാനം. പിന്നീട് പരിശോധന നടത്തിയ ശേഷം വെള്ളിയാഴ്ച രാവിലെ ഒന്‍പത് വരെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും മഴ ശക്തമായതോടെ ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെ വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിക്കുകയായിരുന്നു.