അബുദാബി: യുഎഇയില്‍ ബോട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബുദാബി സിവില്‍ പ്രാഥമിക കോടതി. അപകടത്തെ തുടര്‍ന്ന് യുവാവിന്റെ ഇടതുവശം തളരുകയും ഇടതുകാല്‍ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു. ബോട്ടിന്റെ ക്യാപ്റ്റനും ഇന്‍ഷുറന്‍സ് കമ്പനിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

അബുദാബി ബീച്ചില്‍ ജെറ്റ്‌സ്‌കി ഓടിക്കവേ ബോട്ട് ഇടിച്ചായിരുന്നു യുവാവിന് ഗുരുതര പരിക്കേറ്റത്. അശ്രദ്ധയോടെ ബോട്ട് ഓടിച്ച് അപകടമുണ്ടാക്കിയ ക്യാപ്റ്റന് കോടതി രണ്ട് മാസം തടവും 5,000 ദിര്‍ഹം പിഴയും വിധിച്ചു. ക്യാപ്റ്റനും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ യുവാവ് ഒരു കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവിട്ടത്. പരിക്കേറ്റ യുവാവ് ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.