‘മിനാകോം’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് ഓൾഡ് ദോഹ പോർട്ട് തുടക്കം കുറിച്ചിരിക്കുന്നത്
ദോഹ: കടൽ മാർഗം യാച്ചുകളിലും ബോട്ടുകളിലും ഖത്തറിലെത്തുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും കപ്പലുകളിൽ നിന്ന് ഇറങ്ങാതെ തന്നെ രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ‘മിനാകോം’ എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ഓൾഡ് ദോഹ പോർട്ട്. മിനാകോമിൽ, സന്ദർശകർക്ക് പാസ്പോർട്ട് കണ്ട്രോള്, കസ്റ്റംസ് നടപടിക്രമങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ചെയ്യാൻ കഴിയും.
ഓൾഡ് ദോഹ പോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യാത്രക്കാർക്ക് മിനാകോം പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. വെബ്സൈറ്റിലെ ‘ബെർത്’ വിൻഡോയിൽ പ്രവേശിച്ച് ‘മിനാകോം’മിലേക്ക് എത്തിച്ചേരാം. പേജിലെ ഫോം പൂരിപ്പിച്ചുകൊണ്ടാണ് നടപടിയുടെ തുടക്കം. തുടർന്ന് അംഗീകാരമുള്ള ലോജിസ്റ്റിക് ഏജന്റ് ശേഷിക്കുന്ന പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സഹായിക്കും. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ബന്ധപ്പെട്ട സർക്കാർ വിഭാഗവുമായി ചേർന്ന് ബോട്ടിൽ ഇരുന്ന് തന്നെ പൂർത്തിയാക്കാം. തീരത്ത് ബോട്ടിന് നിർത്താനുള്ള സൗകര്യവും ലഭ്യമാകും. ലോജിസ്റ്റിക്സ് ഏജന്റ് വഴി ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് എന്നിവ ഇവിടെതന്നെ നിർവ്വഹിക്കാം. ഈ സമയങ്ങളിലൊന്നും യാത്രാ വാഹനത്തിൽനിന്ന് പുറത്തിറങ്ങേണ്ടതില്ല.
ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യ സേവനമാണിത്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ സൗകര്യങ്ങൾ ഒരുക്കുന്നത്. ഖത്തറിലേക്ക് സമുദ്രപാത വഴിയെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഏറ്റവും മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ശ്രദ്ധേയ ചുവടുവെപ്പെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു.


