Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ ഇനി ഇഖാമ കൊണ്ടുനടക്കേണ്ട; പരിശോധനകളില്‍ 'ഡിജിറ്റല്‍ ഇഖാമ' മതി, വിശദവിവരങ്ങള്‍ ഇങ്ങനെ

ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അബ്ഷിര്‍ വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഇൻറര്‍നെറ്റില്ലാതെയും ഈ ഇഖാമ ഉപയോഗിക്കാം.

digital residency permit can be used for expatriates in saudi arabia
Author
Riyadh Saudi Arabia, First Published Mar 15, 2021, 7:04 PM IST

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തില്‍. ഞായറാഴ്‍ച മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറല്‍ ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. 

ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വിദേശി തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. അബ്ഷിര്‍ വഴി ഡൗണ്‍ലോഡ് ചെയ്താല്‍ ഇൻറര്‍നെറ്റില്ലാതെയും ഈ ഇഖാമ ഉപയോഗിക്കാം. ഇഖാമയുടെ ഒറിജിനല്‍ കോപ്പി കൈവശമില്ലെങ്കില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ ഡിജിറ്റല്‍ ഇഖാമ കാണിച്ചാല്‍ മതിയാകും. 

ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ ഫോണുകളില്‍ അബ്ഷിര്‍ ഇന്‍ഡിവ്ജ്വല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‍ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് മൈ സര്‍വീസ് സെലക്ട് ചെയ്തതിന് ശേഷം ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് പേജിന്റെ താഴെ ഡൗണ്‍ലോഡ് ചെയ്ത റെസിഡന്റ് ഐ.ഡിയില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാം. 

ഈയിടെ സ്വദേശികള്‍ക്ക് ജവാസാത് ഡയറക്ടറേറ്റ് ഡിജിറ്റല്‍ ഐ.ഡി കാര്‍ഡ് ലഭ്യമാക്കിയിരുന്നു. ഡിജിറ്റല്‍ ഐ.ഡി എന്ന പേരിലുള്ള ഈ സേവനം വഴി സൗദി പൗരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുനടക്കേണ്ട സാഹചര്യം ഒഴിവാക്കിയിരുന്നു. ഫലപ്രദമായും കാര്യക്ഷമവുമായ രീതിയില്‍ വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സേവനമായ അബ്ഷിര്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Follow Us:
Download App:
  • android
  • ios