വെടിക്കെട്ട് ഉൾപ്പെടെ നിരവധി വർണാഭമായ പരിപാടികൾ ആസ്വദിക്കാനുള്ള അവസരമാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലഭിക്കുക. ഈ മാസം 17, 18, 19, 24, 25 തീയതികളിൽ ദുബൈ അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായി ആഘോഷം നടക്കും.  

ദുബൈ: ദീപാവലി ദുബൈയിലും കളറാകും. നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് എന്ന പേരിൽ 5 ദിവസത്തെ ആഘോഷത്തിന് ദുബൈ ഒരുങ്ങുകയാണ്. ഈ മാസം 17, 18, 19, 24, 25 തീയതികളിൽ ദുബൈ അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായി ആഘോഷം നടക്കും. 17ന് വൈകിട്ട് 6.30ന് സൂഖ് അൽസീഫിലാണ് ഉദ്ഘാടനം.

ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) ആണ് പരിപാടി നടത്തുന്നത്. ഈ വാട്ടർഫ്രണ്ട് കേന്ദ്രത്തിലേക്ക് വൻ ജനക്കൂട്ടം എത്താൻ സാധ്യതയുള്ളതിനാൽ, പരിപാടി നന്നായി ആസ്വദിക്കാനായി കുടുംബങ്ങൾ നേരത്തെ എത്തണമെന്ന് സംഘാടകർ നിർദ്ദേശിക്കുന്നു. ഗ്ലോബൽ വില്ലേജിലും ആഘോഷങ്ങൾ തുടരും. ഒക്ടോബർ 18-നും 19-നും രാത്രി 9 മണിക്ക് നാല് വെടിക്കെട്ട് പ്രദർശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ ഒക്ടോബർ 24-നും 25-നും അധിക ഷോകളും ഉണ്ടാകും. ഈ വെടിക്കെട്ട് പ്രദർശനങ്ങൾ ദീപാവലി വാരാന്ത്യത്തിൽ വേദിയുടെ ഉത്സവ അന്തരീക്ഷത്തിന് മാറ്റു കൂട്ടും.

അൽ സീഫിന്‍റെ മനോഹരമായ പശ്ചാത്തലത്തിൽ, നൂർ - ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് ഒക്ടോബർ 17 മുതൽ തുടങ്ങും. ഉദ്ഘാടന ദിവസം വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.