- Home
- Yatra
- Destinations (Yatra)
- വീക്കെൻഡ് കഴിഞ്ഞാൽ ദീപാവലി, ട്രിപ്പ് മൂഡ് ഓണല്ലേ? ബെംഗളൂരുവിന് അടുത്തുള്ള 5 കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ
വീക്കെൻഡ് കഴിഞ്ഞാൽ ദീപാവലി, ട്രിപ്പ് മൂഡ് ഓണല്ലേ? ബെംഗളൂരുവിന് അടുത്തുള്ള 5 കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ
ബെംഗളൂരുവിലെ തിരക്കേറിയ നഗര ജീവിതത്തിൽ നിന്നും ഒരിടവേള എടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ബെംഗളൂരു നഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെ നിരവധി ഹിൽ സ്റ്റേഷനുകൾ ഉണ്ട്. വീക്കെൻഡും തുടർന്ന് വരുന്ന ദീപാവലി അവധിയുമുണ്ടെങ്കിൽ പോകാൻ പറ്റിയ 5 ഹിൽ സ്റ്റേഷനുകൾ ഇതാ

ചിക്കമഗളൂരു
ബെംഗളൂരുവിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂരു. കാപ്പിത്തോട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, പച്ചപ്പ് എന്നിവയാണ് ഇവിടുത്തെ സവിശേഷത. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായി അറിയപ്പെടുന്ന മുല്ലയനഗിരി കൊടുമുടിയിലേക്കുള്ള ഒരു ട്രെക്കിംഗ്, സമൃദ്ധമായ കാപ്പി എസ്റ്റേറ്റുകളിലൂടെ നടത്തം, വെള്ളച്ചാട്ടങ്ങൾ, ഓഫ് റോഡ് ജീപ്പ് സഫാരികൾ അങ്ങനെ ചിക്കമംഗളൂരു യാത്ര അടിച്ചുപൊളിക്കാം.
കൂർഗ്
ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്ന് അറിയപ്പെടുന്ന കൂർഗിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാവുന്നതാണ്. മൂടൽമഞ്ഞുള്ള കുന്നുകളും അനന്തമായ കാപ്പിത്തോട്ടങ്ങളുമാണ് കൂർഗിനെ സുന്ദരമാക്കുന്നത്. ബെംഗളൂരുവിൽ നിന്ന് 5–6 മണിക്കൂർ ഡ്രൈവ് ചെയ്താൽ കൂർഗിലെത്താം. മഴക്കാലത്തിനു ശേഷം പ്രകൃതി സമൃദ്ധമാകുന്ന സമയമാണിത്. സുഗന്ധവ്യഞ്ജന തോട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ, ആബി പോലെയുള്ള വെള്ളച്ചാട്ടങ്ങളും ദുബാരെ എലിഫന്റ് ക്യാമ്പുമൊന്നും മിസ്സാക്കരുത്.
സക്ലേഷ്പൂര്‍
ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ശാന്തമായ പർവത കാഴ്ചകൾ ആഗ്രഹിക്കുന്നവര്‍ക്കും പ്രിയപ്പെട്ടയിടമാണ് സക്ലേഷ്പൂർ. പതിനെട്ടാം നൂറ്റാണ്ടിലെ നക്ഷത്രാകൃതിയിലുള്ള മഞ്ചരാബാദ് കോട്ടയിൽ നിന്ന് തുടങ്ങാം. ഹേമാവതി നദിയുടെ തീരത്തുള്ള സക്ലേശ്വര ക്ഷേത്രം സന്ദർശിക്കാം. ഹൊയ്‌സാല വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണിത്. പ്രാദേശിക ഭക്ഷണത്തിന്റെ സ്വാദ് അറിഞ്ഞ് കാപ്പിത്തോട്ടങ്ങളിലൂടെ ഗൈഡഡ് വാക്ക് ചെയ്യാം. ഇവിടെ നിരവധി ഹോംസ്റ്റേകളും ലഭ്യമാണ്.
അഗുംബെ
ബെംഗളൂരുവിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള അഗുംബെ ഇന്ത്യയിലെ മനോഹരമായ മഴക്കാടുകളിൽ ഒന്നാണ്. പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചയ്ക്കായി അഗുംബെ സൺസെറ്റ് പോയിന്റിലേക്ക് പോകാം. അല്ലെങ്കിൽ ബർക്കാന, ഒനകെ അബ്ബി വെള്ളച്ചാട്ടങ്ങളിലേക്ക് വനങ്ങളിലൂടെ നടക്കാം. സീത നദിയാൽ രൂപം കൊള്ളുന്ന ബർക്കാന വെള്ളച്ചാട്ടം കാണേണ്ടത് തന്നെയാണ്. പാമ്പുകൾ, സസ്യങ്ങൾ, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് പഠിക്കാൻ ഇവിടെയുള്ള ഗവേഷണ കേന്ദ്രവും സന്ദർശിക്കാം. മൂടൽമഞ്ഞിൽ ചുറ്റപ്പെട്ട കുന്ദാദ്രി കുന്നുകളിലേക്ക് വാഹനമോടിക്കുന്നതും മറക്കാനാകാത്ത അനുഭവായിരിക്കും സമ്മാനിക്കുക.
യേര്‍ക്കാഡ്
തമിഴ്‌നാട്ടിലെ ഒരു മനോഹരമായ ഹിൽ സ്റ്റേഷനാണ് യേർക്കാഡ്. ബെംഗളൂരുവിൽ നിന്ന് ഏകദേശം 210 കിലോമീറ്റർ അകലെയാണ് യേർക്കാഡ് സ്ഥിതി ചെയ്യുന്നത്. ഒരു കപ്പ് ഫിൽറ്റർ കോഫി കുടിച്ച് യേർക്കാഡ് തടാകത്തിൽ ബോട്ടിംഗ് നടത്താം. ലേഡീസ് സീറ്റും പഗോഡ പോയിന്റും സന്ദർശിക്കാം. മഴയ്ക്ക് ശേഷം ഏറ്റവും നന്നായി കാണപ്പെടുന്ന കിളിയൂർ വെള്ളച്ചാട്ടത്തിലേക്ക് ഒരു ചെറിയ ട്രെക്കിംഗ് നടത്താം. അല്ലെങ്കിൽ ബൊട്ടാണിക്കൽ ഗാർഡനിലേക്കും സിൽക്ക് ഫാമിലേക്കും പോകാം. നിങ്ങൾ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ ഇവയെല്ലാം മികച്ച ഓർമ്മകൾ സമ്മാനിക്കുന്ന ഇടങ്ങളാണ്.

