ദീപാവലി അവധിക്ക് ഒരു ഫാമിലി ട്രിപ്പടിച്ചാലോ? മനോഹരമായ 10 സ്ഥലങ്ങൾ ഇതാ
കുടുംബത്തോടൊപ്പം ഒരു ചെറിയ വിനോദയാത്രയ്ക്ക് പോകാൻ ഏറ്റവും അനുയോജ്യമായ സമയമാണ് വരുന്നത്. ദീപാവലി ആഘോഷങ്ങളോടൊപ്പം രസകരമായ ഒരു ഫാമിലി ട്രിപ്പ് കൂടിയായലോ? ഈ വർഷത്തെ ദീപാവലിക്ക് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പറ്റിയ 10 സ്ഥലങ്ങൾ.

ജയ്പൂര്‍
രാജകീയതയും പരമ്പരാഗത ദീപാവലി ആഘോഷങ്ങളുമെല്ലാം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് രാജസ്ഥാനിലെ ജയ്പൂർ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടം പ്രകാശപൂരിതമായ കോട്ടകൾ, ദീപാലങ്കാരങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയാൽ സമ്പന്നമാണ്. കുടുംബങ്ങൾക്ക് പൈതൃക കാഴ്ചകൾ ആസ്വദിക്കാനും കരകൗശല വസ്തുക്കൾ വാങ്ങാനുമെല്ലാം സമയം ചെലവഴിക്കാൻ കഴിയും.
ജയ്സാൽമീര്‍
ജയ്‌സാൽമീറിനടുത്തുള്ള ആഡംബര ഡെസേർട്ട് റിസോർട്ടുകൾ ദീപാവലിക്ക് ഡെസേർട്ട് ക്യാമ്പിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബങ്ങൾക്ക് ഒട്ടക സവാരി ചെയ്യാനും, നാടൻ പരിപാടികൾ ആസ്വദിക്കാനും, മണലാരണ്യങ്ങളിൽ മനോഹരമായ രാത്രികൾ ചെലവഴിക്കാനും സാധിക്കും.
വാരണാസി
ആത്മീയതയുടെ കാര്യത്തിൽ ഉത്തർപ്രദേശിലെ വാരണാസി കഴിഞ്ഞെ മറ്റൊരിടമുണ്ടാകു. ദീപാവലി സമയത്ത് ഘട്ടുകൾ ദീപങ്ങളാൽ അലങ്കരിക്കും. അവ ഗംഗ നദിയുടെ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക. ആചാരങ്ങൾ അടുത്തറിയാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും പ്രാദേശിക മധുരപലഹാരങ്ങൾ ആസ്വദിക്കാനും കുടുംബങ്ങൾക്ക് ഇവിടെ അവസരമുണ്ട്.
അമൃത്സര്‍
സംസ്കാരവും പാചക വൈവിധ്യങ്ങളും അനുഭവിച്ചറിയാൻ അമൃത്സറിലേക്ക് പോകാം. ദീപാവലി സമയത്ത്, സുവർണ്ണ ക്ഷേത്രം പ്രകാശപൂരിതമാകും. കുടുംബങ്ങൾക്ക് പ്രാദേശിക വിഭവങ്ങളുടെ രുചി ആസ്വദിക്കാനും സിഖ് സംസ്കാരം മനസ്സിലാക്കാനും കഴിയും. ആത്മീയതയുടെയും ആഘോഷങ്ങളുടെയും സംയോജനമായ ഒരുതരം അനുഭവമാണ് അമൃത്സർ സമ്മാനിക്കുക.
ഉദയ്പൂര്‍
തടാകങ്ങൾ, കൊട്ടാരങ്ങൾ, ദീപാവലി ആഘോഷങ്ങൾ എന്നിവയുടെ സംയോജനമാണ് രാജസ്ഥാനിലെ ഉദയ്പൂർ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. പിച്ചോള തടാകവും ഗംഭീരമായ കൊട്ടാരങ്ങളും ഈ നഗരത്തിന്റെ സവിശേഷതയാണ്. കുടുംബങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. ബോട്ട് സവാരികളും പരമ്പരാഗത ആർട്ട് വർക്ക് ഷോപ്പുകളുമെല്ലാം ഇവിടെയുണ്ട്.
ഡൽഹി എൻസിആർ
എളുപ്പത്തിൽ എത്തിച്ചേരാവുന്നതും പാരമ്പര്യങ്ങളുടെ സംയോജനവുമാണ് ഡൽഹി എൻസിആറിന്റെ സവിശേഷത. കുടുംബങ്ങൾക്ക് ചരിത്രപരമായ സ്ഥലങ്ങൾ, വാണിജ്യ മേഖലകൾ എന്നിവ സന്ദർശിക്കാനും ദീപാവലി ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിയും.
ഗോവ
എപ്പോഴും ആഘോഷം നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഗോവ. ഇവിടെ എത്തുന്നവർക്ക് കളർഫുൾ പാർട്ടികളിൽ പങ്കെടുക്കാം. സംസ്കാരം, പ്രാദേശിക വിപണി എന്നിവ ആസ്വദിക്കാം. ദീപാവലിയ്ക്ക് ഗോവയിലെ പ്രധാന സ്പോട്ടുകളെല്ലാം പ്രകാശപൂരിതമാകും. കുടുംബങ്ങൾക്ക് വാട്ടർ സ്പോർട്സ് ചെയ്യാനും പുരാതനമായ പള്ളികൾ സന്ദർശിക്കാനും കഴിയും.
കൊൽക്കത്ത
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ദീപാവലി വലിയ ആഘോഷമാണ്. നഗരത്തിലെ തിരക്കേറിയ മാർക്കറ്റുകൾ, കലാപരമായ അലങ്കാരങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കുടുംബത്തോടൊപ്പം ആസ്വദിക്കാം. ആകർഷകമായ ഒരു സാംസ്കാരിക അനുഭവമാണ് കൊൽക്കത്തയും കാളി പൂജയുമെല്ലാം പ്രദാനം ചെയ്യുന്നത്.
മൈസൂരു
ദീപാവലിക്ക് മൈസൂരുവിലെ കൊട്ടാരങ്ങളെല്ലാം ദീപങ്ങളാൽ അലങ്കരിക്കും. മൈസൂർ കൊട്ടാരം, ദീപാവലി മേളകൾ, പ്രാദേശിക ഭക്ഷണങ്ങളുടെ സ്വാദ് ആസ്വദിക്കൽ എന്നിവ കുടുംബങ്ങൾക്ക് നേരിട്ടറിയാം. കാഴ്ചകൾ കൊണ്ടും അനുഭവം കൊണ്ടും നിങ്ങളുടെ ഏറ്റവും സമ്പന്നമായ ദീപാവലി യാത്രകളിൽ ഒന്നായിരിക്കും മൈസൂരുവിലേത്.
ഋഷികേശ്
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സാഹസികത ആസ്വദിക്കാനും പറ്റിയ ഒരു ശാന്തമായ സ്ഥലമാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഗംഗാ നദിക്കരയിൽ യോഗ ചെയ്യാം. റിവർ റാഫ്റ്റിംഗ്, പ്രകൃതി നടത്തം എന്നിവ ആസ്വദിക്കാം. ആത്മീയതയും സാഹസികതയും പ്രകൃതിഭംഗിയുമെല്ലാം സംഗമിക്കുന്നയിടമാണ് ഋഷികേശ്.

