ഷാര്‍ജ: യുഎഇയിലെ മരുഭൂമിയില്‍ ഈ മാസം പത്തിന് കണ്ടെത്തിയ മൃതദേഹം മലയാളിയുടെതാണെന്ന് സ്ഥിരീകരിച്ചു. തലശേരി ചൊക്ലി സ്വദേശി റാഷിദിന്റെ മൃതദേഹമാണെന്നാണ് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചത്. കോടതിയുടെ അനുമതിയോടെ രണ്ട് വട്ടമാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഷാര്‍ജയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന റാഷിദിനെ ഏപ്രില്‍ അവസാനം മുതല്‍ കാണാതായിരുന്നു. തെരച്ചില്‍ തുടരവെ ഈ മാസം പത്തിന് അല്‍തല്ലയിലെ മരുഭൂമിയിലാണ് മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ചയിലേറെ അപ്പോള്‍ പഴക്കമുണ്ടായിരുന്ന മൃതദേഹം ഇവിടെ ആടുമേയ്ക്കാന്‍ എത്തിയവരാണ് കണ്ടെടുത്തത്. മൃതദേഹത്തിന്റെ പഴക്കം കാരണം തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. എന്നാല്‍ മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന ഐ.ഡി റാഷിദിന്റെ സുഹൃത്തിന്റെതായിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. 

കോടതിയുടെ അനുമതിയോടെ രണ്ട് തവണ ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം റാഷിദിന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചത്. കാണാതായതുമുതല്‍ റാഷിദ് എവിടെയായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സുഹൃത്തിന്റെ ഐ.ഡി കൈവശമുണ്ടായിരുന്നത് കൊണ്ടുള്ള ആശയക്കുഴപ്പം ആഴ്ചകള്‍ നീണ്ട ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവിലാണ് പരിഹരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഷാര്‍ജയില്‍ തന്നെ ഖബറടക്കി.