ദുബായ്: മൂക്കിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവ് കാരണം രോഗി 'കോമ'യിലായ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരായ വിചാരണ തുടങ്ങി. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ സര്‍ജന്‍, അനസ്തേഷ്യ നല്‍കിയ ഡോക്ടര്‍, അനസ്തേഷ്യ ടെക്നീഷ്യന്‍ എന്നിവര്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്രിമിനസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. അദ്ദേഹം കുറ്റം നിഷേധിച്ചു. മറ്റ് ഡോക്ടര്‍മാര്‍ക്ക് കൂടി നോട്ടീസ് അയക്കാനായി കോടതി കേസ് മാറ്റിവെച്ചു.

ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് രോഗിയുടെ സ്ഥിരമായ വൈകല്യങ്ങള്‍ക്ക് കാരണമായതെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോരിറ്റിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. കേസില്‍ കഴിഞ്ഞ മേയ് മാസത്തില്‍ തന്നെ ഹെല്‍ത്ത് അതോരിറ്റി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഉന്നത അതോരിറ്റി നവംബറില്‍ വിശദമായ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിലാണ് സര്‍ജന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ വീഴ്ചകള്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാരുടെ ലൈസന്‍സുകള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ചികിത്സ നടത്തിയ ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.

ശ്വാസതടസത്തിന് ചികിത്സ തേടിയാണ് 24കാരയായ സ്വദേശി യുവതി ആശുപത്രിയിലെത്തിയത്. പരിശോധനകള്‍ക്ക് ശേഷം മൂക്കിലെ എല്ലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു. ഇത്തരം ശസ്ത്രക്രിയകള്‍ നടത്താന്‍ സൗകര്യമില്ലാതിരുന്ന ക്ലിനിക്കില്‍ വെച്ചാണ് ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയക്കിടയിലും ഗുരുതരമായ പിഴവുകള്‍ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി.

ശസ്ത്രക്രിയക്കിടെ രോഗിയുടെ രക്തസമ്മര്‍ദം അപകടകരമായ വിധത്തില്‍ കുറയുകയും രക്തചംക്രമണത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു. തലച്ചോറിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ തടസം നേരിടുകയും പലതവണ ഹൃദയസ്തംഭനവുമുണ്ടായതോടെ രോഗി 'കോമ' അവസ്ഥയിലേക്ക് പോവുകയായിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയെ മാറ്റിയെങ്കിലും ബോധം തെളിഞ്ഞിട്ടില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും യുവതിക്ക് വിദേശത്ത് ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. ചികിത്സയുടെ ചിലവുകളും അദ്ദേഹം വഹിക്കുമെന്ന് കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.