റിയാദ്: ആദ്യ മുഗൾ കാലഘട്ടത്തിൽ ഡൽഹിയിൽ നിർമിച്ച ചിത്രപ്രസിദ്ധമായ പൗരാണിക സ്മാരകത്തിന്റെ ഉള്ളുകള്ളികളെ കുറിച്ച് ഡിസ്കവറി ചാനൽ നിർമിച്ച് സംപ്രേഷണം ചെയ്ത ഡോക്യുമെന്റിറി, ‘ഹുമയൂൺ ശവകുടീരത്തിലെ രഹസ്യങ്ങൾ’ ഇന്ത്യന്‍ എംബസിയില്‍ പ്രദര്‍ശിപ്പിച്ചു. എംബസി സാംസ്കാരിക വിഭാഗമാണ് റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി ആസ്ഥാനത്ത് പ്രദർശനം സംഘടിപ്പിച്ചത്. 

സ്മാരകസൗധത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പങ്കാളിത്തത്തിൽ ആഗാഖാൻ കൾച്ചർ ട്രസ്റ്റ് നടത്തുന്ന പ്രവൃത്തികളിലേക്കും ഈ ഡോക്യുമെന്ററി സിനിമ വെളിച്ചം വീശുന്നു. പുനരുദ്ധാരണ പദ്ധതി ഈ പ്രദേശത്ത് നിരവധിയാളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നും ഡൽഹി നിസാമുദ്ദീൻ മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ അത് സഹായിച്ചെന്നും സിനിമ പറയുന്നു. 

ഡോക്യുമെൻററി പ്രദർശനത്തോടൊപ്പം ഉറുദു മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കെ.എൻ. വാസിഫിന്റെ ഇന്ത്യൻ പൗരാണിക മേഖലകളിലൂടെയുള്ള യാത്രകളുടെ ഫോട്ടോ ശേഖരത്തിന്റെയും സൗദിയിലെ ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിന്റെ പെയിന്റിങ്ങുകളുടെയും പ്രദർശനവും ഒരുക്കിയിരുന്നു. അംബാസഡർ ഡോ. ഔസാഫ് സഈദ് പ്രദർശനം ഉദ്ഘാടനം ചെയ്തു. സൗദി പൗരന്മാരും പ്രവാസി ഇന്ത്യാക്കാരും ഉൾപ്പെടെ നിരവധിപ്പേര്‍ സിനിമയും പ്രദർശനങ്ങളും കാണാനെത്തിയിരുന്നു.