കുവൈത്തിൽ സ്പോൺസറെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗാർഹിക തൊഴിലാളിയെ ജഹ്‌റ പൊലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളിയെ നാടുകടത്തണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

കുവൈത്ത് സിറ്റി: സ്വന്തം വീട്ടിൽ വെച്ച് സ്പോൺസറായ ഗൾഫ് പൗരനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഗാർഹിക തൊഴിലാളിയെ ജഹ്‌റ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടൻ തന്നെ സുരക്ഷാ പട്രോളിംഗ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കടുത്ത മാനസിക സമ്മർദ്ദത്തിലും അക്രമാസക്തമായ അവസ്ഥയിലുമായിരുന്ന തൊഴിലാളിയെ ഉദ്യോഗസ്ഥർ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സാഹചര്യം കൂടുതൽ വഷളാകാതിരിക്കാനും പൊലീസ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് ഈ തൊഴിലാളിയെ ഇനി വീട്ടിൽ താമസിപ്പിക്കാനോ ജോലിയിൽ തുടരാൻ അനുവദിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പോൺസർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സ്പോൺസർഷിപ്പ് മാറ്റുന്നതിനോ അല്ലെങ്കിൽ രാജ്യത്തുനിന്ന് നാടുകടത്തുന്നതിനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക തൊഴിലാളി എന്ത് കാരണത്താലാണ് സ്പോൺസർക്ക് നേരെ ഇത്തരമൊരു വധഭീഷണി മുഴക്കിയതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണത്തിന് ശേഷം ഇവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.