കുവൈത്ത് എയർപോർട്ട് ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ ആശുപത്രിയിലെത്തി സന്ദർശിച്ച് സ്ഥാനപതി പരമിത ത്രിപാഠി. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവർക്ക് ഉറപ്പുനൽകി.

കുവൈത്ത് സിറ്റി: ജൂൺ മൂന്നിന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ജാബർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ സ്ഥാനപതി ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ പിന്തുണയും ആവശ്യമായ സഹായങ്ങളും അവർക്ക് ഉറപ്പുനൽകി. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട 13 ഇന്ത്യൻ പൗരന്മാരിൽ 9 പേർ സുഖം പ്രാപിച്ച് ഇതിനകം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ നാല് പേർ മാത്രമാണ് വിദഗ്ധ മെഡിക്കൽ പരിചരണത്തിനായി ആശുപത്രിയിൽ തുടരുന്നത്. പരിക്കേറ്റവരുടെ ആരോഗ്യാവസ്ഥയും രോഗമുക്തിയും നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതിനായി ആശുപത്രി അധികൃതരുമായും ബാധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ എംബസി ഉദ്യോഗസ്ഥർ രംഗത്തുണ്ടെന്നും അവരുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്നും സ്ഥാനപതി അറിയിച്ചു.