കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ 38 രാജ്യങ്ങളില്‍ നിലവിലുണ്ടെന്ന് വിഷയം മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്ര സ്ഥാപിക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ അദ്ദേഹത്തിന് മുന്നില്‍ ഇന്ത്യന്‍ എംബസിയില്‍ ശനിയാഴ്ച വൈകീട്ട് നടന്ന സംവാദ പരിപാടിയില്‍ പ്രവാസികള്‍ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് ആവശ്യം പരിഗണിക്കാമെന്ന് മറുപടി പറഞ്ഞത്.

കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ 38 രാജ്യങ്ങളില്‍ നിലവിലുണ്ടെന്ന് വിഷയം മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചവര്‍ ചൂണ്ടിക്കാട്ടി. 51 രാജ്യങ്ങളില്‍ ഇന്ത്യന്‍ ചെയറുകളും (സെന്റര്‍ ഫോര്‍ എക്‌സലന്‍സ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ഏറ്റവും അധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിനായുള്ള ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്.

വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ മന്ത്രിസഭാ തീരുമാനം

വീണ്ടും ഈ ആവശ്യം ഉയര്‍ന്നത് സുഷമ സ്വരാജ് വിദേശകാര്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോഴാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനത്തിലും ഈ ആവശ്യം പ്രവാസികള്‍ ഉന്നയിച്ചിരുന്നു. ഡോ. ഔസാഫ് സഈദ് അംബാസഡര്‍ ആയിരുന്ന സമയത്ത് ഇതിനുവേണ്ടി ധാരാളം ഇടപെടലുകളുണ്ടായി. ഐ.സി.സി.ആര്‍ പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധേയുടെ റിയാദ് സന്ദര്‍ശനത്തിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അനുകൂലമായ പ്രതികരണം പ്രധാനമന്ത്രി നരേന്ദ്രമോദി, സുഷമ സ്വരാജ്, ഡോ. വിനയ സഹസ്രബുദ്ധ എന്നിവരുടെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്തു.

എന്നാല്‍ പിന്നീട് കോവിഡ് കാലത്ത് ഈ ആവശ്യത്തിന്മേലുള്ള പ്രവര്‍ത്തന പുരോഗതി മന്ദഗതിയിലായി. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ആവശ്യം വീണ്ടും സജീവമായി. യോഗ പ്രചാരണത്തിനും ഗവേഷണത്തിനുമായി ഇന്ത്യന്‍ ആയുഷ് മന്ത്രാലയവും സൗദി കായികമന്ത്രാലയവും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രമെന്ന സ്വപ്നം ഉടന്‍ പൂവണിയുമെന്നൊരു പ്രതീക്ഷ പ്രവാസി സമൂഹത്തില്‍ ഉണര്‍ന്നു. സൗദിയിലെ ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ സ്റ്റിയറിങ് കമ്മിറ്റിയും അന്താരാഷ്ട്ര യോഗ ക്ലബ്ബും സൗദി യോഗ അദ്ധ്യാപക സമിതിയും ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം റിയാദില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശകാര്യവകുപ്പു മന്ത്രി വി. മുരളീധരന്‍, ഐ.സി.സി.ആര്‍ പ്രസിഡന്റ് ഡോ. വിനയസഹസ്രബുദ്ധേ, കേന്ദ്ര സാംസ്‌കാരികവകുപ്പു മന്ത്രി കിഷന്‍ റെഡ്ഡി എന്നിവരെ കാണുകയും നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇസ്ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഉള്ളടക്കങ്ങള്‍ 'നെറ്റ്ഫ്‌ലിക്‌സി'ല്‍ നിന്ന് നീക്കം ചെയ്യണമെന്ന് ജി.സി.സി

ഇന്ത്യന്‍ പാരമ്പര്യ കലകള്‍, സംഗീതം, നൃത്തങ്ങള്‍, വാദ്യകലകള്‍, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകര്‍, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികള്‍, ഇന്ത്യയില്‍നിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികള്‍ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നത്. ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാല്‍ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും, കലാ-സാംസ്‌കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക വിനിമയം എളുപ്പമാകും.

(ഫോട്ടോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവാസി സമൂഹവുമായി നടത്തിയ സംവാദ പരിപാടിയില്‍ സംസാരിക്കുന്നു)