അബുദാബി: റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി അബാദാബിയില്‍ നടന്ന ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. റോഡിലൂടെ അശ്രദ്ധമായി മുന്നോട്ട് നീങ്ങുന്ന വാഹനം ലേന്‍ മാറുന്നതും റോഡിന്റെ വശത്തുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കുന്നതുമാണ് അബുദാബി പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിലുള്ളത്.

എക്സിറ്റിന് സമീപം വലതുവശത്തെ ലേനിലൂടെ വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ തെറ്റിയതോടെ മഞ്ഞവര തെറ്റിച്ച് വശത്തേക്ക് നീങ്ങുന്നതും പിന്നീട് റോഡ് സിഗ്നലിലേക്ക് ഇടിച്ചുകയറുന്നതും കാണാം. ശേഷം റോഡിന്റെ വശത്തുകൂടി കടന്ന് വീണ്ടും ഹൈവേയില്‍ വാഹനങ്ങള്‍ക്കിടയിലേക്ക് കടന്നെങ്കിലും ഭാഗ്യം കൊണ്ടുമാത്രം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചില്ല. ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ് ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ചതെന്ന് അബുദാബി പൊലീസ് പറയുന്നു.