വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടിയ വിവരം ഷാര്‍ജ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. പരിക്കേറ്റ ആഫ്രിക്കക്കാരനെ ഉടന്‍  അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. 

ഷാര്‍ജ: റോഡില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ രക്ഷപെട്ടയാളെ പിടികൂടിയെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള പാതയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആഫ്രിക്കക്കാരന്‍ തല്‍ക്ഷണം മരിച്ചിരുന്നു.

വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പിടികൂടിയ വിവരം ഷാര്‍ജ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. പരിക്കേറ്റ ആഫ്രിക്കക്കാരനെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ്, അപകടമുണ്ടാക്കിയ വാഹനത്തെയും അതിന്റെ ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഇയാളെ പിന്നീട് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ പാലിക്കണമെന്നും അപകമുണ്ടായാല്‍ വാഹനം നിര്‍ത്തി പരിക്കേറ്റവര്‍ക്ക് സഹായം ചെയ്യണമെന്നും പൊലീസ് അറിയിച്ചു. അപകട സ്ഥലത്തുനിന്ന് രക്ഷപെടുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇതിന് പിഴയ്ക്ക് പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.