റിയാദ്: സൗദി ഭരണകൂടത്തിന് കീഴിലുള്ള എണ്ണക്കമ്പനിയായ അരാംകോയിലെ തീപിടുത്തം എണ്ണ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണ ഉത്പാദനത്തില്‍ അഞ്ച് ദശലക്ഷം  ബാരലിന്റെ കുറവുണ്ടാകുമെന്നാണ് വിവരം. അപകടമുണ്ടായ പ്ലാന്റില്‍ നിന്നും ഉദ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചാതായി സൗദി ഭരണാധികാരി അബ്ദുല്‍ അസീസ്  രാജാവ് അറിയിച്ചു.

ആദ്യം ഡ്രോണ്‍ ആക്രമണം. പിന്നാലെ വന്‍ തീപിടുത്തം. റിയാദ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കെയാണ്, ഹൂതികളുടെ ഡ്രോണ്‍ ആക്രമണം അരാംകോയിലെ എണ്ണ ഉത്പാദനത്തേയും വിതരണത്തേയും അപകടം ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടത്. പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള, 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. തുടര്‍ന്ന് ഇതിലൂടെയുള്ള എണ്ണ പമ്പിങ് നിര്‍ത്തിവെച്ചു. അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റില്‍ നിന്നുള്ള എണ്ണ ഉത്പാദനം നിര്‍ത്തിവെച്ചതായി സൗദി ഭരണാധികാരി അബ്ദുല്‍ അസീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്ലാന്റിനുണ്ടായ കേടുപാടുകള്‍ വലിയ തോതില്‍ ഉദ്പാദനം കുറയ്ക്കും. പ്രതിദിനം ഏഴുദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് പ്ലാന്റിന്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്റെ കുറവുവരുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കില്‍ സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങും.