റിയാദ്: ഡ്രോണ്‍ ആക്രമണത്തിൽ തീപിടിത്തമുണ്ടായ സൗദി അറേബ്യയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചു. നേരത്തെ അരാംകോയിലെ പ്ലാന്‍റിൽ നിന്നും ഉത്പാദനം നിർത്തിവച്ചതായി സൗദി ഭരണാധികാരി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്ലാന്റിൽ നിന്ന് പ്രതിദിനം രണ്ട് ബില്യൺ ക്യൂബിക് അടി വാതക ഉത്പാദനം നിർത്തലാക്കിയതായി സൗദി ഊര്‍ജ്ജ മന്ത്രി സ്ഥിരീകരിച്ചു.

അരാംകോയിലുണ്ടായ തീപിടുത്തം എണ്ണ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. പ്ലാന്‍റിനുണ്ടായ കേടുപാടുകൾ വലിയ തോതിൽ ഉദ്പാദനം കുറയ്ക്കും. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ, അഞ്ചു ദശലക്ഷം ബാരലിന്‍റെ കുറവ് വരുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ സൗദിയുടെ എണ്ണ ഉദ്പാദനത്തിന്‍റെ പകുതിയോളം വരും ദിവസങ്ങളിൽ മുടങ്ങുമെന്നാണ് വിവരം. 

കമ്പനിയുടെ ആകെ ഉത്പാദനത്തിന്റെ 50 ശതമാനം തടസ്സപ്പെട്ടതായി സൗദി ഊര്‍ജ്ജ മന്ത്രിയും അറിയിച്ചു. അതേസമയം, ഇന്ധനത്തിൽ നിന്നുള്ള വൈദ്യുതിവിതരണത്തെ ആക്രമണങ്ങൾ ബാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതോത്പാദനം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പുരോഗതി വിലയിരുത്തുമെന്നും അരാംകോ സിഇഒ അമിൻ നാസർ വിശദീകരിച്ചു. ആക്രമണത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെയാണ് ദമാമിനടുത്ത് ബുഖയ്ഖിലുള്ള എണ്ണ സംസ്കരണ കേന്ദ്രമായ അരാംകോയ്ക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം നടന്നത്. ഇതിനെത്തുടർന്ന് സഫോ‌ടനമുണ്ടാകുകയും സംഭരണശാലയ്ക്ക് തീപിടിക്കുകയും ചെയ്തു.

അരാംകോയ്ക്ക് നേരെയുണ്ടായ ഡ്രോൺഎ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തീപിടുത്തവും അന്തരീക്ഷത്തില്‍ പുകനിറഞ്ഞിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവും. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല.ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ് അരാംകോയുടെ പ്ലാന്‍റ്.