റിയാദ്: സൗദി അറേബ്യയിലെ എണ്ണ സംസ്കാരണ കേന്ദ്രത്തിന് നേരെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോയുടെ ദമാമിലെ സംസ്കരണ കേന്ദ്രത്തിന് നേരെയാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. തുടര്‍ന്ന് ഇവിടെ വന്‍ സ്ഫോടനവും തീപിടിത്തവുമുണ്ടായെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ദമാമിനടുത്ത് ബുഖയ്ഖിലുള്ള  എണ്ണ സംസ്‌കരണ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വലിയ തീപിടുത്തവും അന്തരീക്ഷത്തില്‍ പുകനിറഞ്ഞിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാവും. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് വ്യക്തമല്ല. പുറത്തുവന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടം സംബന്ധിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങളും  അരാംകോയും ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ദമാമിലെ അരാംകോയുടെ പ്ലാന്‍റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ്.