അബുദാബി: വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് 2.6 ലക്ഷം ദിര്‍ഹം വിലയുള്ള മയക്കുമരുന്ന് വില്‍ക്കാന്‍ ശ്രമിച്ച പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ. അബുദാബി ഫെഡറല്‍ സുപ്രീംകോടതിയാണ് ഏഷ്യന്‍ വംശജനായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

ആവശ്യക്കാരനെന്ന രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ സമീപിച്ചു. തുടര്‍ന്ന് 2.6 ലക്ഷം ദിര്‍ഹത്തിന്റെ ഹെറോയിന്‍ കൈമാറാനായി കണ്ടുമുട്ടിയപ്പോഴാണ് വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ കയ്യോടെ പിടികൂടിയത്. പ്രാഥമിക ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീംകോടതിയും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ ശരിവെച്ചു. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തും.