കോസ്റ്റ് ഗാർഡ് പൊലീസ് പാഞ്ഞെത്തി, മൂന്ന് പ്രവാസികളെ പിടികൂടി; കണ്ടെടുത്തത് 4000 സൈക്കോട്രോപിക് ഗുളികകളടക്കം
റോയൽ ഒമാൻ പൊലീസ് പിടിയിലായ മൂന്ന് പ്രവാസികളും ഏഷ്യൻ വംശജരാണെന്ന് പൊലീസ് വ്യക്തമാക്കി.

മസ്കറ്റ്: ഒമാനിലേക്ക് മയക്കു മരുന്ന് കടത്തുവാൻ ശ്രമിച്ച മൂന്നു പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിൽ. 55 കിലോയിൽ അധികം ഹാഷിഷ്, 16 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 4,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ മസ്കറ്റിലേക്ക് കടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് പൊലീസ് ഈ മൂന്നു പേരെ അറസ്റ്റ് ചെയ്തത്.
മസ്കറ്റിൽ കടയിൽ കയറി ഫോൺ റീചാർജ് കാർഡുകൾ മോഷ്ടിച്ചു, പ്രവാസികൾ പിടിയിൽ
റോയൽ ഒമാൻ പൊലീസ് പിടിയിലായ മൂന്ന് പ്രവാസികളും ഏഷ്യൻ വംശജരാണെന്ന് പൊലീസ് വാർത്തക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് സേനയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടന്നത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ഒമാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നൂറ്റി അറുപത്തിയേഴ് കിലോയോളം മയക്കു മരുന്ന് കടത്താൻ ശ്രമിച്ച ആറ് പ്രവാസികളെ കൂടി മറ്റൊരു സ്ഥലത്ത് വച്ച് റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു എന്നതാണ്. പിടിലായ ആറ് പേരും ഏഷ്യൻ വംശജരാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വാർത്തകുറിപ്പിൽ പറയുന്നത്. നൂറ്റിപ്പത്ത് കിലോഗ്രാം ഹാഷിഷ് കടത്തുവാൻ ശ്രമിച്ച നാല് ഏഷ്യൻ വംശജരെ ഒമാനിലെ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു സംഘത്തെയും റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തത്. അൻപത്തിയേഴു കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ സമുദ്ര മാർഗം കടത്തുവാൻ ശ്രമിച്ച നുഴഞ്ഞു കയറ്റക്കാരായ രണ്ട് ഏഷ്യൻ വംശജരെ വടക്കൻ ബാത്തിനാ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ ആണ് അറസ്റ്റ് ചെയ്യ്തതെന്ന് ഒമാൻ പൊലീസ് വ്യക്തമാക്കി. ഒമാനിലെ നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വിഭാഗത്തിന്റെ സഹകരണത്തോട് കൂടിയാണ് റോയൽ ഒമാൻ പൊലീസ് രണ്ട് വ്യത്യസ്ത കേസുകളിൽ ഉൾപ്പെട്ട ആറ് ഏഷ്യൻ വംശജരെ പിടികൂടിയിട്ടുള്ളത്. പിടിയിലായ ആറ് പേർക്കുമെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പൊലീസിന്റെ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.