കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ രണ്ട് പ്രവാസികൾ പിടിയില്‍. അഹമ്മദി ഏരിയയിൽ പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ രണ്ട് പ്രവാസികൾ പിടിയില്‍. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ക്രിമിനൽ സുരക്ഷാ കാര്യ വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ പ്രധാന ഓപ്പറേഷനിൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റാണ് മയക്കുമരുന്ന് കടത്തിലും വിതരണത്തിലും ഏര്‍പ്പെട്ട രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തത്.
അഹമ്മദി ഏരിയയിൽ പ്രതികൾ മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനുമായി പ്രത്യേക സുരക്ഷാ ടീമിനെ ഉടൻ തന്നെ രൂപീകരിച്ചു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുകയും അവരെ പിടികൂടുകയുമായിരുന്നു. വൻതോതിലുള്ള നിരോധിത ലഹരിവസ്തുക്കളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി.
ഏകദേശം 200,000 കുവൈത്ത് ദിനാർ വിപണി മൂല്യം കണക്കാക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 3.658 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 557 ഗ്രാം രാസവസ്തുക്കൾ, 363 ഗ്രാം കഞ്ചാവ്, 348 ഗ്രാം ഹെറോയിൻ, 14 ഗ്രാം ഹാഷീഷ്, 8,150 സൈക്കോട്രോപിക് ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധിൃതർക്ക് കൈമാറി.


