അഞ്ച് വാഹനങ്ങളുമായി കാര്‍ കൂട്ടിയിടിച്ചെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ബോധരഹിതനായിരുന്നു.

കുവൈത്ത് സിറ്റി: മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ ഓടിച്ച കാര്‍ അഞ്ച് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലാണ് കാറിടിച്ചത്. 31കാരനായ ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്ന് നാല് കുപ്പി മദ്യവും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

അഞ്ച് വാഹനങ്ങളുമായി കാര്‍ കൂട്ടിയിടിച്ചെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ബോധരഹിതനായിരുന്നു. ഇയാളുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് 31കാരനായ ഇന്ത്യക്കാരനാണെന്ന് വ്യക്തമായത്. വാഹനം ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാവുകയും പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഫുട്പാത്തിലൂടെയും വാഹനം മുന്നോട്ടുപോയി. പരിശോധന നടത്തിയപ്പോള്‍ നാല് കുപ്പി മദ്യവും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. ഇയാളെ ചികിത്സയ്ക്കായി മുബാറക് അല്‍ കബീര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.