ദുബായ്: കടം വാങ്ങിയ നൂറ് ദിര്‍ഹത്തിന്റെ പേരില്‍ ദുബായ് ലേബര്‍ ക്യാമ്പില്‍ ഇന്ത്യക്കാരന്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. 36കാരനായ പ്രതിക്കെതിരെ കോടതിയില്‍ നിയമനടപടി തുടങ്ങി. യഥാസമയം വിദഗ്ദ ചികിത്സ ലഭിച്ചതിനാലാണ് ഗുരുതരമായി പരിക്കേറ്റ 33കാരന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

വെല്‍ഡര്‍മാരായി ജോലി ചെയ്തിരുന്ന ഇരുവരും അല്‍ ഖുസൈസിലെ ലേബര്‍ ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരടക്കം ആകെ അഞ്ച് പേരായിരുന്നു മുറിയില്‍ താമസം. പ്രതിയായ ഇന്ത്യക്കാരന്‍ പുറത്തുപോയത് അറിയാതെ സുഹൃത്ത് വാതില്‍ അകത്ത് നിന്ന് പൂട്ടിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇയാള്‍ കട്ടിലില്‍ കിടക്കുകയാണെന്ന് കരുതിയാണ് താന്‍ വാതില്‍ പൂട്ടിയതെന്ന് കുത്തേറ്റ സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

അല്‍പം കഴിഞ്ഞ് സ്ഥലത്തെത്തിയ പ്രതി വാതില്‍ പൂട്ടിയിരിക്കുന്നത് കണ്ട് കുപിതവായി വാതിലില്‍ ഉറക്കെ മുട്ടാന്‍ തുടങ്ങി. ഇതോടെ സുഹൃത്ത് വാതില് തുറന്നെങ്കിലും ശബ്ദമുണ്ടാക്കിയതിന് ഇയാളെ ശകാരിച്ചു. മദ്യലഹരിയിലായിരുന്ന ഇയാള്‍ അടുക്കളയിലേക്ക് പോയി കത്തിയുമെടുത്ത് തിരികെ വന്ന് കുത്താന്‍ ശ്രമിച്ചു. എന്നാല്‍ കത്തി പിടിച്ചുവാങ്ങി കളഞ്ഞശേഷം സുഹൃത്ത് ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ പിന്നെയും കത്തിയുമായി അടുത്തെത്തിയ പ്രതി തനിക്ക് തരാനുള്ള 100 ദിര്‍ഹത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുകയും രണ്ട് തവണ വയറ്റില്‍ കുത്തുകയും ചെയ്തു. പിന്നീട് ഇടത്തേ കൈയിലും കുത്തി. 

മുറിയിലുണ്ടായിരുന്ന മറ്റുള്ളവരാണ് ഇയാളെ കീഴ്പ്പെടുത്തി കത്തി പിടിച്ചുവാങ്ങിയത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. മദ്യലഹരിയിലാണ് പ്രതി അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. വധശ്രമത്തിന് പുറമെ മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും തമ്മില്‍ നേരത്തെയും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ പൊലീസിന് മൊഴി നല്‍കി.