ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോക്ക് മുന്നോടിയായാണ് ആഢംബര നൗക ഉടമകൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. 

ദുബൈ: ആഢംബര നൗക ഉടമകൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അബുദാബിയിലെ ആഢംബര നൗക ഉടമകള്‍ക്കും ഗോൾഡന്‍ വിസ അനുവദിച്ചിരുന്നു. ഈ മാസം 19ന് ആരംഭിക്കുന്ന ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോക്ക് മുന്നോടിയായാണ് പ്രഖ്യാപനം. ഈ മാസം 19 മുതൽ 23 വരെയാണ് ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോ.

അതേസമയം പരിസ്ഥിതി മേഖലയിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇ ബ്ലൂ വിസ പ്രഖ്യാപിച്ചിരുന്നു. വേൾഡ് ​ഗവൺമെന്റ് സമ്മിറ്റിലാണ് ബ്ലൂ വിസയുടെ പ്രാരംഭ ഘട്ട പ്രഖ്യാപനം നടത്തിയത്. ഈ ഘട്ടത്തിൽ സുസ്ഥിരത ചിന്താ​ഗതിയും നൂതനാശയവുമുള്ള 20 പേർക്കാണ് വിസ ലഭിക്കുന്നത്. കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി പ്രകാരമാണ് വിസ നൽകുന്നത്. രാജ്യത്തിനകത്തും പുറത്തും പരിസ്ഥിതി സംരക്ഷണം, സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ ​ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായാണ് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ യുഎഇ സർക്കാർ കൊണ്ടുവന്നത്.

Read Also- നൂറുകണക്കിന് തൊഴിലവസരങ്ങൾ, പുതിയ പദ്ധതികളുമായി ലുലു; യുഎഇയുടെ പ്രാന്ത പ്രദേശങ്ങളിലേക്കും ഔട്ട്‍ലറ്റുകൾ

പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർ, അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങൾ, അന്താരാഷ്ട്ര കമ്പനികൾ, അസോസിയേഷനുകളിലെയും സർക്കാരിതര സംഘടനകളിലെയും അംഗങ്ങൾ, ആഗോള അവാർഡ് ജേതാക്കൾ, പരിസ്ഥിതി പ്രവർത്തനങ്ങളിലെ വിശിഷ്ട പ്രവർത്തകർ, ഗവേഷകർ എന്നിവർക്കാണ് ഈ വിസ നൽകുന്നത്. ​ഗോൾഡൻ, ​ഗ്രീൻ വിസകളുടെ ഒരു വിപുലീകരണമാണ് ബ്ലൂ വിസ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം