ദുബായിൽ ബാച്ചിലർ, ഷെയറിങ് താമസത്തിനായി 44 പ്രദേശങ്ങൾ ദുബായ് മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. താമസക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന പുതിയ നിയമങ്ങൾ പാലിക്കാൻ കെട്ടിട ഉടമകൾക്ക് ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. 'ബിൽഡ് ഇൻ ദുബായ്' പ്ലാറ്റ്‌ഫോം വഴി അനുമതി നേടുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.

ദുബായ്: ബാച്ചിലർ അല്ലെങ്കിൽ ഷെയറിംഗ് താമസത്തിനായി ഉപയോഗിക്കാവുന്ന 44 പ്രദേശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. അൽ സൂഖ് അൽ കബീർ, അൽ റാസ്, അൽ വർഖ 1, അൽ ബർഷ 1, അൽ മുറഖബാദ്, അൽ റിഗ്ഗ തുടങ്ങിയ പ്രധാന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ പ്രദേശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ദുബായിലെ ഷെയറിംഗ് താമസ സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനായി 2026-ൽ പുറപ്പെടുവിച്ച നിയമം നമ്പർ അടിസ്ഥാനമാക്കിയാണ് പുതിയ പ്ലാനിംഗ് ആൻഡ് ബിൽഡിംഗ് ഗൈഡ്‌ലൈൻ പുറത്തിറക്കിയിരിക്കുന്നത്. താമസക്കാരുടെ സുരക്ഷ, ജീവിതനിലവാരം, സ്വകാര്യത എന്നിവ ഉറപ്പാക്കാനും കെട്ടിട ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കം.

നിലവിൽ ഷെയറിംഗ് താമസത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കും പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാറ്റങ്ങൾ വരുത്താൻ സെപ്റ്റംബർ 8 മുതൽ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പൊതുജനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അനധികൃത നിർമ്മാണങ്ങൾ, അനുമതിയില്ലാത്ത മാറ്റങ്ങൾ എന്നിവ വരുത്തിയ കെട്ടിട ഉടമകൾക്ക് ഈ ഇളവ് ബാധകമല്ല. ഇവർ അടിയന്തരമായി നിയമലംഘനങ്ങൾ പരിഹരിക്കണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഒരു കെട്ടിടം പൂർണ്ണമായും വ്യക്തിഗത താമസത്തിനായോ അല്ലെങ്കിൽ കുടുംബങ്ങളുടെ താമസത്തിനായോ മാത്രമേ ഉപയോഗിക്കാവൂ. ഒരാൾക്ക് കുറഞ്ഞത് 5 ചതുരശ്ര മീറ്റർ വിസ്തീർണം മുറികളിൽ ഉണ്ടായിരിക്കണം. കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഓരോ കുടുംബത്തിനും അറ്റാച്ച്ഡ് ബാത്ത്‌റൂം ഉള്ള പ്രത്യേക കിടപ്പുമുറി നിർബന്ധമാണ്.

അടുക്കള, വിശ്രമമുറി, വസ്ത്രങ്ങൾ കഴുകാനും ഉണക്കാനുമുള്ള സ്ഥലം എന്നിവ താമസക്കാരുടെ എണ്ണത്തിന് അനുസരിച്ച് ദുബായ് ബിൽഡിംഗ് കോഡ് പ്രകാരം സജ്ജീകരിക്കണം. എന്നാൽ തൊഴിലാളികളുടെ കൂട്ടായ താമസസ്ഥലങ്ങൾക്ക് പ്രത്യേക നിയമമുള്ളതിനാൽ ഇത് ബാധകമല്ല.

പെർമിറ്റും സുരക്ഷാ പരിശോധനയും

മുനിസിപ്പാലിറ്റിയുടെ 'ബിൽഡ് ഇൻ ദുബായ്' പ്ലാറ്റ്‌ഫോം വഴി അനുമതി പത്രം നേടിയ ശേഷമേ കെട്ടിടങ്ങളും വില്ലകളും ഷെയറിംഗ് താമസത്തിനായി നൽകാവൂ. അഗ്നിശമന സുരക്ഷയ്ക്കായി ദുബായ് സിവിൽ ഡിഫൻസിന്റെയും, സിസിടിവി നിരീക്ഷണ സൗകര്യങ്ങൾക്കായി സിറയുടെയും (SIRA) മുൻകൂർ അനുമതി നിർബന്ധമാണ്. കൂടാതെ, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റുമായി ഡിജിറ്റലായി ബന്ധിപ്പിച്ച് വാടകക്കരാറുകൾ കൃത്യമായി രജിസ്റ്റർ ചെയ്യും.

നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ബിൽഡിംഗ് റെഗുലേഷൻ ആൻഡ് പെർമിറ്റ്‌സ് ഏജൻസി സിഇഒ മറിയം അൽ മുഹൈരി പറഞ്ഞു. നഗരത്തിലെ തിരക്ക് കുറയ്ക്കാനും സുരക്ഷിതവും ശുചിത്വപൂർണ്ണവുമായ താമസവും ഉറപ്പാക്കാനും പുതിയ നിയമം സഹായിക്കും.