Asianet News MalayalamAsianet News Malayalam

ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല്; ദുബൈയുടെ നേതൃത്വത്തിൽ ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര

ശൂന്യമായ കുഴലിലൂടെ അതിവേഗത്തിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. യാത്രക്കാരില്ലാതെ നേരത്തെ ഹൈപ്പര്‍ലൂപ്പ് 400 തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് കുതിച്ചത്. 

Dubai backed Virgin Hyperloop completes test drive with human passengers
Author
Dubai - United Arab Emirates, First Published Nov 13, 2020, 5:53 PM IST

ദുബൈ: ലോക ഗതാഗത ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ല് തീര്‍ത്ത് ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. ദുബൈയുടെ നേതൃത്വത്തിൽ നടത്തുന്ന വെർജിൻ ഹൈപ്പർലൂപ് പദ്ധതിയുടെ ഭാഗമായി ലാസ്‍വേഗാസിലായിരുന്നു പരീക്ഷണ യാത്ര. 

ശൂന്യമായ കുഴലിലൂടെ അതിവേഗത്തിൽ യാത്രക്കാരെ വഹിച്ച വാഹനം കടന്നുപോകുന്ന സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. യാത്രക്കാരില്ലാതെ നേരത്തെ ഹൈപ്പര്‍ലൂപ്പ് 400 തവണ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് യാത്രക്കാരെയും വഹിച്ച് കുതിച്ചത്. ലാസ്‍വേഗാസിലെ കേന്ദ്രത്തില്‍ നടന്ന ചരിത്രയാത്രയില്‍ ചീഫ് ടെക്നോളജി ഓഫിസര്‍ ജോഷ് ജീജെല്‍, പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറ ലുഷിയെന്‍ എന്നിവരായിരുന്നു ആദ്യ യാത്രക്കാര്‍. 

500 മീറ്റർ പാതയിലായിരുന്നു പരീക്ഷണ യാത്ര. മണിക്കൂറിൽ 1000 കിലോമീറ്റർ വരെ വേഗതയിലുള്ള ഗതാഗത സംവിധാനമാണിത്. രണ്ടു പേർക്ക് യാത്രചെയ്യാവുന്ന പോഡിലായിരുന്നു ആദ്യ യാത്രയെങ്കിലും 28 പേർക്കുവരെ ഒരേസമയം യാത്രചെയ്യാവുന്ന പോഡ് വികസിപ്പിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. പരീക്ഷണം വിജയകരമായാൽ വിവിധ നഗരങ്ങൾക്കിടയിൽ ഹൈപ്പർലൂപ് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് യു.എ.ഇയും സൗദി അറേബ്യയും. 

ദുബൈയിലെ ഡി.പി വേള്‍ഡിന്റെ നേതൃത്വത്തിലാണ് വെര്‍ജിന്‍ ഹൈപ്പര്‍ലൂപ് പദ്ധതി പുരോഗമിക്കുന്നത്. ജെറ്റ് വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രെയിനായി ഇവയെ കണക്കാക്കാക്കാമെങ്കിലും റെയില്‍ പാളത്തിന് പകരം നീളമുള്ള ട്യൂബിലൂടെയാണ് ഹൈപ്പറിന്റെ യാത്ര. യാത്രികര്‍ക്കൊപ്പം ചരക്കുനീക്കത്തിലും സുപ്രധാന നാഴികക്കല്ലായി ഹൈപ്പര്‍ലൂപ് മാറുമെന്നാണ് വിലയിരുത്തല്‍.

Follow Us:
Download App:
  • android
  • ios