മുംബൈ സ്വദേശി രോഷ്നിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിലിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. മുംബൈ സ്വദേശി രോഷ്നിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ നേരിട്ടാണ് നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. 

തൃശ്ശൂര്‍ സ്വദേശി ജമാലുദ്ദീന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആദ്യം ബന്ധുക്കള്‍ക്ക് കൈമാറിയത്. മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സാഹചര്യത്തില്‍ പാസ്പോര്‍ട്ട് റദ്ദാക്കലാണ് അടുത്ത നടപടി. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി പാസ്പോര്‍ട്ടായ വൈറ്റ് പാസ്പോര്‍ട്ട് അനുവദിച്ച് കാന്‍സലേഷന്‍ രേഖപ്പെടുത്തി കഴിഞ്ഞു.

ഒമാനില്‍ പെരുന്നാൾ അവധി ആഘോഷിച്ച് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 31 പേരാണ് ബസിലുണ്ടായിരുന്നത്. ദുബായി മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ റാഷിദിയ എക്സിറ്റിലാണ് ഇന്ത്യന്‍ സൂഹത്തെ നടുക്കിയ അപകടമുണ്ടായത്. അപകടത്തില്‍ വിവിധ രാജ്യക്കാരായ 17 പേര്‍ മരിച്ചു. 12 ഇന്ത്യക്കാരില്‍ 8 പേര്‍ മലയാളികളാണ്. 

തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവശ്യമായ സംവിധാനങ്ങള്‍ സ്വീകരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ഇന്ത്യകാര്‍ക്കു പുറമെ ഒമാന്‍ അയര്‍ലണ്ട്, പാക്കിസ്ഥാന്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ദുബായി പോലീസിന്‍റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ ബന്ധുക്കള്‍ക്ക് കൈമാറും. ദുബായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കയറ്റിവിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.