ദുബൈ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്രാവശ്യം യുഎഇയില്‍ റമദാൻ ടെന്റുകൾ അനുവദിക്കില്ലെന്ന് അധികൃതർ  അറിയിച്ചു. ചൊവ്വാഴ്‍ച 15പേരാണ് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുഎഇയില്‍ ഇത്തവണ റമസാൻ ടെന്റുകൾ അനുവദിക്കില്ല. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കണമെന്ന മാനദണ്ഡം കർശനമായി നടപ്പിലാക്കാനുമാണ് ടെന്റുകൾക്ക് അനുമതി നിഷേധിച്ചതെന്ന് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വിഭാഗം അറിയിച്ചു. ഇത്തരം ടെന്റുകളിലൂടെയുള്ള സൗജന്യ നോമ്പുതുറ വിഭവങ്ങൾ വിതരണം ഇത്തവണയുണ്ടാകില്ല. വ്രതമെടുക്കുന്ന ബാച്ചിലേര്‍സിനും തുച്ഛമായ വേതനത്തിന് ജോലിചെയ്യുന്നവർക്കും ഏറെ ആശ്വാസമായിരുന്നു പള്ളികള്‍ക്കു സമീപം ഒരുക്കുന്ന കൂടാരങ്ങൾ. 

അതേസമയം ചൊവ്വാഴ്‍ച 15 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.  കർശന കൊവിഡ് മാനദണ്ഡങ്ങൾ തുടർന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഊർജിതമായി. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വിവിധ എമിറേറ്റുകളിൽ തുടരുന്നു. നിയമ ലംഘകർക്ക് പിഴ ചുമത്തുകയും നിരവധി സ്ഥാപനങ്ങള്‍ അടപ്പുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.