കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബജല്‍ അലിയില്‍ പഴങ്ങള്‍ വിറ്റുകൊണ്ടിരുന്ന ബംഗ്ലാദേശ് പൗരന്റെ അടുത്ത് പ്രതികള്‍ പൊലീസ് പട്രോള്‍ വാഹനം നിര്‍ത്തി. പാസഞ്ചര്‍ സീറ്റിലിരുന്ന ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി പഴത്തിന്റെ വില അന്വേഷിച്ചു. 

ദുബായ്: പട്രോളിങിനിടെ പ്രവാസിയുടെ പക്കല്‍ നിന്നും 3380 ദിര്‍ഹം തട്ടിയെടുത്ത സംഭവത്തില്‍ ദുബായ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. 26ഉം 25ഉം വയസുള്ള രണ്ട് ഉദ്യോഗസ്ഥരാണ് പിടിയിലായത്. പ്രവാസിയെ വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയ ശേഷം പഴ്സില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ രേഖകള്‍. യുഎഇ മാധ്യമമായ ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബജല്‍ അലിയില്‍ പഴങ്ങള്‍ വിറ്റുകൊണ്ടിരുന്ന ബംഗ്ലാദേശ് പൗരന്റെ അടുത്ത് പ്രതികള്‍ പൊലീസ് പട്രോള്‍ വാഹനം നിര്‍ത്തി. പാസഞ്ചര്‍ സീറ്റിലിരുന്ന ഉദ്യോഗസ്ഥന്‍ പുറത്തിറങ്ങി പഴത്തിന്റെ വില അന്വേഷിച്ചു. ഐഡി പരിശോധിക്കുന്നതിന് മുന്‍പ് തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയ ശേഷം വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പൊലീസ് വാഹനം ഓടിച്ചിരുന്നയാള്‍ ഇയാളെ വിലങ്ങണിയിച്ചു. പോക്കറ്റില്‍ നിന്ന് പഴ്സ് പുറത്തെടുത്ത ശേഷം റസിഡന്‍സ് വിസ പരിശോധിച്ചു.

വിസയുടെ കാലാവധി കഴിഞ്ഞുവെന്നും 20,000 ദിര്‍ഹം പിഴയടയ്ക്കാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ബംഗ്ലാദേശ് പൗരന്‍ ഇത് നിഷേധിച്ചു. താന്‍ സ്പോണ്‍സറുടെ കീഴില്‍ തന്നെയാണ് ഇപ്പോഴും ജോലി ചെയ്യുന്നതെന്ന് പറഞ്ഞു. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ച ശേഷം പഴ്സ് പോക്കറ്റില്‍ തന്നെ തിരികെ വെച്ചു. ശേഷം സംഭവം മറ്റാരോടും പറയരുതെന്ന് പറയുകയും വാഹനത്തില്‍ കയറി ഉദ്യോഗസ്ഥര്‍ പോവുകയുമായിരുന്നു.

പൊലീസുകാര്‍ പോയതിന് ശേഷം പഴ്സ് പരിശോധിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന 3380 ദിര്‍ഹം കാണാനില്ലെന്ന് മനസിലായത്. ഇയാള്‍ ഉടനെ ജബല്‍ അലി പൊലീസ് സ്റ്റേഷിനിലെത്തി വിവരം അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് പരിശോധനയില്‍, പൊലീസ് പട്രോള്‍ വാഹനത്തിനുള്ളിലെ ക്യാമറയില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. രാത്രി 8.51നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് 8.57ന് ക്യാമറയുടെ ദിശ മാറ്റിവെയ്ക്കുന്നതും വ്യക്തമായി.

പ്രതികളിലൊരാളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ബംഗ്ലാദേശി പൗരന്‍ തിരിച്ചറിഞ്ഞു. കേസില്‍ മേയ് 15ന് വിചാരണ തുടരും.