Asianet News MalayalamAsianet News Malayalam

ദുബൈ തുറമുഖത്തെ തീപിടുത്തം: ഉത്തരവാദികളെന്ന് കണ്ടെത്തിയ അഞ്ച് വിദേശികളുടെ ജയില്‍ ശിക്ഷ ശരിവെച്ചു

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ജബല്‍ അലി തുറമുഖത്ത് ചരക്കുകപ്പലില്‍ പൊട്ടിത്തെറിയും തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. തീപിടിച്ച കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ഇന്ത്യക്കാരന്‍, ഷിപ്പിങ്, മറൈന്‍, ട്രേഡിങ്, കാര്‍ഗോ കമ്പനികളുടെ ചുമതലകള്‍ വഹിച്ചിരുന്ന നാല് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

Dubai court upholds jail sentence for five foreigners in  Jebel Ali port fire
Author
First Published Nov 21, 2022, 2:07 PM IST

ദുബൈ: ദുബൈയിലെ ജബല്‍ അലി തുറമുഖത്തുണ്ടായ തീപിടുത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് വിദേശികള്‍ക്ക് ഒരു മാസം വീതം ജയില്‍ ശിക്ഷ. കേസില്‍ നേരത്തെ ദുബൈ പ്രാഥമിക കോടതി പുറപ്പെടുവിച്ച ശിക്ഷാ വിധി, അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. തീപിടുത്തത്തില്‍ കണ്ടെയ്‍നറുകളില്‍ ഉണ്ടായിരുന്ന വിവിധ സാധനങ്ങള്‍ക്ക് പുറമെ പോര്‍ട്ട് ബെര്‍ത്തിന്റെ ഭാഗങ്ങളും തുറമുഖത്ത് കണ്ടെയ്‍നറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന യന്ത്രോപകരണങ്ങളും കത്തിനശിച്ചു. ആകെ 24 ദശലക്ഷം ദിര്‍ഹത്തിന്റെ നാശനഷ്ടങ്ങളാണ് തീപിടുത്തം കാരണമായുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ജബല്‍ അലി തുറമുഖത്ത് ചരക്കുകപ്പലില്‍ പൊട്ടിത്തെറിയും തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. തീപിടിച്ച കപ്പലിന്റെ ക്യാപ്റ്റനായിരുന്ന ഇന്ത്യക്കാരന്‍, ഷിപ്പിങ്, മറൈന്‍, ട്രേഡിങ്, കാര്‍ഗോ കമ്പനികളുടെ ചുമതലകള്‍ വഹിച്ചിരുന്ന നാല് പാകിസ്ഥാന്‍ സ്വദേശികള്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കപ്പലിന്റെ ഉടമസ്ഥര്‍ ഉള്‍പ്പെടെ നാല് ഷിപ്പിങ് കമ്പനികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും കോടതി വിധിച്ചു. സിവില്‍ കേസുകള്‍ ബന്ധപ്പെട്ട കോടതികളുടെ പരിഗണനയ്ക്ക് അയക്കുകയും ചെയ്‍തു.

കപ്പലില്‍ കയറ്റിയ 640 ബാരല്‍ ഓര്‍ഗാനിക് പെറോക്സൈഡ് ആണ് തീപിടുത്തത്തിന് കാരണമായത്. വേണ്ടത്ര ശ്രദ്ധയില്ലാതെ ഇത് തുറമുഖത്ത് സൂക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ഉത്പന്നം രാസ മാറ്റങ്ങള്‍ക്ക് വിധേയമാവുകയും കണ്ടെയ്‍നറിനുള്ളിലെ മര്‍ദം വര്‍ദ്ധിച്ച് പൊട്ടിത്തെറിക്കും തീപിടുത്തത്തിനും കാരണമാവുകയും ചെയ്‍തുവെന്ന് സംഭവം അന്വേഷിച്ച വിദഗ്ധ സമിതി കണ്ടെത്തി. 

കണ്ടെയ്‍നറുകള്‍ കപ്പലിലേക്ക് മാറ്റിയ സമയത്താണ് ചോര്‍ച്ചയുണ്ടായത്. 40 ഡിഗ്രിയിലേറെയായിരുന്ന അന്തരീക്ഷ താപനിലയും അപകടത്തിലേക്ക് നയിച്ച കാരണങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിച്ചു. ഒരു ഷിപ്പിങ് കമ്പനിക്കും രണ്ട് കാര്‍ഗോ കമ്പനികള്‍ക്കും ഒരു മറൈസ് സര്‍വീസസ് സ്ഥാപനത്തിനും ഒരു ട്രേഡിങ് കമ്പനിക്കും ഒരു ലക്ഷം ദിര്‍ഹം വീതം കോടതി പിഴ ചുമത്തിയിട്ടുണ്ട്. ആകെ 2.47 കോടി ദിര്‍ഹത്തിന്റെ നാശനഷ്ടങ്ങളാണ് അപകടത്തെ തുടര്‍ന്ന് ഉണ്ടായത്. കേസ് ഇനി സിവില്‍ കോടതി പരിഗണിക്കും.

സ്‍ഫോടനം നടന്ന ദിവസം ഉച്ചയ്‍ക്ക് 12.30ഓടെയാണ് കപ്പല്‍ ജബല്‍ അലി തുറമുഖത്ത് എത്തിയത്. വൈകുന്നേരം ഏഴ് മണി മുതല്‍ 11 മണി വരെയുള്ള സമയത്ത് 170 കണ്ടെയ്‍നറുകള്‍ കപ്പലില്‍ കയറ്റി. ഇതില്‍ ഓര്‍ഗാനിക് പെറോക്സൈഡ് നിറച്ച മൂന്ന് കണ്ടെയ്‍നറുകളുമുണ്ടായിരുന്നു. ഇവ കപ്പലില്‍ കയറ്റിയ ശേഷമാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ സ്‍ഫോടനമുണ്ടാവുകയും ചെയ്‍തു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു.

ജൂണ്‍ 27ന് ചൈനയില്‍ നിന്നാണ് ഓര്‍ഗാനിക് പെറോക്സൈഡ് കണ്ടെയ്‍നറുകള്‍ ദുബൈയിലെത്തിയത്. തുടര്‍ന്ന് ഇവ 12 ദിവസം വെയിലത്ത് അലക്ഷ്യമായി സൂക്ഷിച്ചു. ഒരു കണ്ടെയ്‍നറിലാണ് ആദ്യം സ്‍ഫോടനമുണ്ടായത്. പിന്നീട് മറ്റൊരു കണ്ടെയ്‍നര്‍ കൂടി പൊട്ടിത്തെറിച്ചു. വേണ്ടത്ര മുന്‍കരുതലില്ലാതെ കണ്ടെയ്‍നറുകള്‍ സൂക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മൂന്ന് കണ്ടെയ്‍നറുകളും അടുത്തടുത്ത് സൂക്ഷിച്ചത് അപകടത്തിന്റെ ആഘാതം കൂട്ടി. 

സംഭവത്തില്‍ ഉത്തരവാദികളായ ഓരോരുത്തരും വീഴ്‍ച വരുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം വസ്‍തുക്കള്‍ ഷിപ്പിങ് ആന്റ് കാര്‍ഗോ കമ്പനി കൂളിങ് കണ്ടെയ്നറിലായിരുന്നു സൂക്ഷിക്കേണ്ടിയിരുന്നതെന്നും ബാരലുകളുടെ കാലാവധി ഉള്‍പ്പെടെ പരിശോധിക്കുകയും കണ്ടെയ്നറിലെ മര്‍ദം പരിശോധിക്കുകയും ചെയ്യേണ്ടിയിരുന്നുവെന്നും സംഭവം അന്വേഷിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Read also: സൗദിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം; അനുമതി ഓണ്‍ലൈനായി ലഭിക്കും

Follow Us:
Download App:
  • android
  • ios