Asianet News MalayalamAsianet News Malayalam

സൗദിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി കാറുകള്‍ വാടകയ്ക്ക് എടുക്കാം; അനുമതി ഓണ്‍ലൈനായി ലഭിക്കും

ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശന വിസയിലുളളവര്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. 

Saudi traffic directorate launches driving authorization service for visitors to the country
Author
First Published Nov 21, 2022, 1:18 PM IST

റിയാദ്: സൗദി അറേബ്യയില്‍ എത്തുന്ന വിദേശികളായ സന്ദര്‍ശകര്‍ക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാം. പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം വഴി കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് സന്ദര്‍ശകരുടെ ബോര്‍ഡര്‍ നമ്പര്‍ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി സമ്പാദിക്കാനാവും.

അബ്ശിര്‍ പ്ലാറ്റ്ഫോമിലൂടെ ഈ മാസം 14ന് പ്രഖ്യാപിച്ച അഞ്ച് പുതിയ ഓണ്‍ലൈന്‍ സേവനങ്ങളിലൊന്നാണിത്. ഇത് പ്രകാരം സൗദി അറേബ്യയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാം. ഇതിനായി സന്ദര്‍ശകര്‍ മന്ത്രാലയം ഓഫീസുകളില്‍ പോയി അനുമതി വാങ്ങേണ്ടതില്ല. കാര്‍ റെന്റല്‍ കമ്പനികള്‍ക്ക് ഓണ്‍ലൈനായി തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കാനാവും. അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാനായി എത്തിയ ആരാധകര്‍ക്കും പുതിയ സേവനം പ്രയോജനപ്പെടുത്താം. രാജ്യത്തെ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും സന്ദര്‍ശര്‍ക്കുമുള്ള സേവനങ്ങള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ട് വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കരണങ്ങളും.

ഇതുവരെ സൗദിയിലെ ഇഖാമയുള്ളവര്‍ക്ക് മാത്രമേ വാഹനം കൈമാറാന്‍ അബ്ശിറില്‍ സൗകര്യമുണ്ടായിരുന്നുള്ളൂ. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാഹനം സന്ദര്‍ശന വിസയിലുളളവര്‍ക്ക് അബ്ശിര്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കി ഓടിക്കാന്‍ നല്‍കാവുന്ന വിധത്തിലാണ് പുതിയ സംവിധാനം. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി സ്ഥാപിക്കാനും സ്‌പെഷ്യല്‍ നമ്പറുകള്‍ക്ക് അപേക്ഷിക്കാനും നമ്പര്‍ പ്ലേറ്റുകള്‍ മോഷണം പോയാലും നഷ്ടപ്പെട്ടാലും അപേക്ഷ നല്‍കാനും അബ്ശിര്‍ വഴി ഇനി മുതല്‍ സാധിക്കും.

Read also: ഖത്തറിന് ആവശ്യമായ എന്ത് സഹായവും നല്‍കണമെന്ന് സൗദിയിലെ മന്ത്രാലയങ്ങള്‍ക്ക് കിരീടാവകാശിയുടെ നിര്‍ദേശം

Follow Us:
Download App:
  • android
  • ios