ദുബൈയിൽ പ്രവാസിയായ കനേഡിയൻ വംശജയായ ജാക്വലിൻ മെയ് എന്ന യുവതിയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്

ദുബൈ: യുഎഇയിലെ ദുബൈ മാളിലെത്തുന്നവരിൽ മാന്യമായ വസ്ത്രധാരണം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള വീഡിയോ വൈറലാകുന്നു. ദുബൈയിൽ പ്രവാസിയായ കനേഡിയൻ വംശജയായ ജാക്വലിൻ മെയ് എന്ന യുവതിയാണ് ഇത്തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലാകുകയും ചെയ്തു. ഈ വീഡിയോയ്ക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ലൈക്ക് ചെയ്തിരുന്നു.

ഒൻപത് വർഷമായി ജാക്വലിൻ യുഎഇയിൽ താമസക്കാരിയാണ്. മെയ് 28നാണ് ഇവർ ദുബൈ മാളിലെത്തുന്നവരുടെ വസ്ത്രധാരണം സംബന്ധിച്ച വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവെച്ചത്. എമിറാത്തി പാരമ്പര്യ വസ്ത്രമായ മുഖവാർ ജലബിയ ധരിച്ചുകൊണ്ടാണ് ഇവർ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കൂടാതെ വീഡിയോയിലൂടെ പൊതു ഇടങ്ങളിൽ സന്ദർശകർ മാന്യമായ വസ്ത്രം ധരിക്കണമെന്നും ഇവർ പറയുന്നുണ്ട്. `ഇത് ദുബൈ മാൾ ആണ്, അല്ലാതെ വിക്ടോറിയ സീക്രട്ട് ഫാഷൻഷോ അല്ല. അതുകൊണ്ട് തന്നെ ഇവിടം സന്ദർശിക്കുന്നവർ വസ്ത്രധാരണത്തിൽ അൽപ്പം ശ്രദ്ധ പുലർത്തണം'- അവർ വീഡിയോയിൽ പറഞ്ഞു.

ഈയിടെ താൻ ദുബൈ മാൾ സന്ദർശിച്ച സമയത്ത് ഒരു സ്ത്രീ വളരെ മോശമായ രീതിയിൽ വസ്ത്രം ധരിച്ച് നടന്നുവരുന്നത് കണ്ടതിനാലാണ് താൻ ഇത്തരമൊരു വീഡിയോ പങ്കുവെച്ചതെന്ന് യുവതി ​ഗൾഫ് ന്യൂസിനോട് പറഞ്ഞു. ശരീരം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ആ സ്ത്രീ ധരിച്ചിരുന്നത്. ഞാൻ ഈ സംഭവത്തെപ്പറ്റി ഒരുപാട് ചിന്തിച്ച ശേഷമാണ് വീഡിയോ ചെയ്തത്. നമ്മൾ ജീവിക്കുന്നത് ദുബൈയിൽ ആണെന്നും അപ്പോൾ ഇവിടുത്തെ സംസ്കാരവും രീതികളും ബഹുമാനിക്കേണ്ടതുണ്ടെന്നും യുവതി പറയുന്നു.

വളരെ തമാശ രൂപേണയാണ് ജാക്വലിൻ വീഡിയോ അവതരിപ്പിക്കുന്നത്. വസ്ത്രധാരണം മാന്യമായ രീതിയിലും ക്രിയേറ്റീവും ആണെങ്കിൽ വളരെ മനോഹരമായിരിക്കുമെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ജാക്വലിന്റെ പോസ്റ്റിന് നിരവധി പേർ പിന്തുണയുമായി എത്തി. നിരവധി ലൈക്കുകളും കമന്റുകളും പോസ്റ്റിന് ലഭിച്ചു.`എമിറാത്തി എന്ന നിലയിൽ ഞാൻ നിങ്ങളോടും നിങ്ങളെ പോലുള്ളവരോടും എന്റെ നന്ദി അറിയിക്കുന്നു' എന്നത് ഈ പോസ്റ്റിന് ലഭിച്ച നിരവധി കമന്റുകളിൽ ഒന്നാണ്.