അബുദാബി കിരീടാവകാശിയായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമാണ് ശൈഖ് ഹംദാൻ റസ്റ്റോറന്റിലെത്തിയത്
ദുബൈ: ദുബൈ മാളിലെ റസ്റ്റോറന്റ് സന്ദർശിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. അബുദാബി കിരീടാവകാശിയായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പമാണ് ശൈഖ് ഹംദാൻ റസ്റ്റോറന്റിലെത്തിയത്. ദുബൈ മാളിലെ ലെ മെയ്സൻ അനി എന്ന റസ്റ്റോറന്റിലാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരുവരും പ്രത്യക്ഷപ്പെട്ടത്. റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലുകളും അടച്ച ശേഷമാണ് ശൈഖ് ഹംദാൻ അവിടെ നിന്നും മടങ്ങിയത്.
റസ്റ്റോറന്റിലെത്തിയ ഇരുവരുടെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ ശൈഖ് ഹംദാനും ശൈഖ് ഖാലിദും റസ്റ്റോറന്റിൽ നിന്നും ഒരുമിച്ച് നടന്നുവരുന്നത് കാണാം. ടിക് ടോക്കിൽ ഒരു യുവതി പങ്കുവെച്ച വീഡിയോയാണ് ഏറ്റവുമധികം ശ്രദ്ധ നേടിയത്. നിമിഷങ്ങൾ കൊണ്ട് ആ വീഡിയോ വൈറലാകുകയായിരുന്നു. റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എല്ലാവരുടെയും ബില്ലുകൾ ശൈഖ് ഹംദാൻ അടച്ചു എന്ന് അതിശയത്തോടെ പറയുന്നതായിരുന്നു വീഡിയോ. മുഴുവൻ ബില്ലും ഏകദേശം 25,000 ദിർഹം മുതൽ 30,000 ദിർഹം വരെ ഉണ്ടാകും.
ശൈഖ് ഹംദാന് ആരാധകർ ഏറെയാണ്. റസ്റ്റോറന്റിലെ എല്ലാവരുടെയും ഭക്ഷണത്തിന്റെ ബില്ലുകൾ അടച്ച സംഭവത്തോടെ സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി പേർ ശൈഖ് ഹംദാനെ പ്രശംസിച്ചെത്തുന്നുണ്ട്. ഉദാര മനസ്കതയും വേറിട്ട പ്രവൃത്തിയുമാണ് എപ്പോഴും മറ്റുള്ളവരിൽ നിന്ന് ഹംദാനെ വേറിട്ടുനിർത്തുന്നതെന്ന് പറയുന്നു. ഇത്തരം ഒരു സംഭവം ഉണ്ടായതോടെ പലരും ശൈഖ് ഹംദാനിൽ നിന്ന് തങ്ങൾക്കുണ്ടായ അനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് എത്തുന്നുണ്ട്. ഇതാദ്യമായല്ല ശൈഖ് ഹംദാൻ ഇങ്ങനെ ചെയ്യുന്നതെന്നും മുൻപും തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒരാൾ സാമൂഹിക മാധ്യമത്തിൽ പങ്കുവെക്കപ്പെട്ട പോസ്റ്റിൽ പറഞ്ഞു.


