ദുബായ് കസ്റ്റംസ് അർഹതപ്പെട്ട കസ്റ്റംസ് ഡിക്ലറേഷനുകൾക്കുള്ള തീരുവ സസ്‌പെൻഷൻ കാലാവധി 60 ദിവസത്തേക്ക് കൂടി നീട്ടി. ഇതോടെ ആകെ കാലാവധി 180 ദിവസമായി വർധിച്ചു. വിതരണ ശൃംഖല സുഗമമാക്കാനും വ്യാപാരികൾക്ക് ആശ്വാസം നൽകാനുമാണ് ഈ തീരുമാനം.
ദുബായ്: വാണിജ്യ മേഖലയ്ക്ക് വൻ ആശ്വാസം നൽകി ദുബായ് കസ്റ്റംസിന്റെ സുപ്രധാന പ്രഖ്യാപനം. അർഹതപ്പെട്ട കസ്റ്റംസ് ഡിക്ലറേഷനുകൾക്കുള്ള കസ്റ്റംസ് തീരുവ സസ്‌പെൻഷൻ കാലാവധി 60 ദിവസത്തേക്ക് കൂടി നീട്ടി നൽകി. ഇതോടെ നിലവിലുണ്ടായിരുന്ന കാലാവധി ആകെ 180 ദിവസമായി വർധിച്ചു.
മാർക്കറ്റിലെ പ്രവർത്തന വെല്ലുവിളികൾ നേരിടുന്ന വ്യാപാരികൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഈ പുതിയ തീരുമാനം. മറുനാടുകളിലേക്ക് പുനർകയറ്റുമതി ചെയ്യുന്നവ, താൽക്കാലിക പ്രവേശനം, വിവിധ തരത്തിലുള്ള ട്രാൻസിറ്റ് ഇറക്കുമതികൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമാണെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു. 2026 ഫെബ്രുവരി 27 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ കസ്റ്റംസ് സസ്‌പെൻഷൻ കാലാവധി അവസാനിക്കുന്ന എല്ലാ ഡിക്ലറേഷനുകൾക്കും ഇത് ബാധകമായിരിക്കും.
നിലവിലെ തീരുവ ഒഴിവാക്കൽ കാലാവധി അവസാനിക്കുന്ന തീയതി മുതൽ പുതിയ 60 ദിവസത്തെ അധിക സമയം പ്രാബല്യത്തിൽ വരും. ഗ്ലോബൽ വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വ്യാപാരം കൂടുതൽ സുഗമമാക്കുന്നതിനുമാണ് ദുബായ് കസ്റ്റംസ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്. മുമ്പ് പ്രഖ്യാപിച്ച നോട്ടിഫിക്കേഷൻ പ്രകാരം 120 ദിവസമായി ഉയർത്തിയ തീരുവ സസ്‌പെൻഷനാണ് ഇപ്പോൾ ദുബായ് കസ്റ്റംസ് വീണ്ടും നീട്ടി നൽകി 180 ദിവസമാക്കിയത്. പുതിയ ഉത്തരവ് വരുന്നത് വരെ ഈ ആനുകൂല്യം തുടർന്നു ലഭിക്കും.


