ദുബായ് സിറ്റി സെന്റർ ദെയ്റയിൽ ഗായിക അമൃത സുരേഷ് എത്തുന്നു. ദീപാവലി സ്പെഷ്യൽ കരോക്കെ സന്ധ്യയിൽ പാട്ടുകൾ പാടാൻ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
വെളിച്ചം അന്ധകാരത്തെ അകറ്റുന്ന ദീപാവലി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ആത്മീയമായ ആഘോഷം കൂടെയായ ദീപാവലി അതിന്റെ സന്ദേശത്തിന്റെ ലാളിത്യം കൊണ്ട് ഇന്ത്യയുടെ അതിരുകൾക്ക് അപ്പുറത്തും ശ്രദ്ധിക്കപ്പെടുന്നുണ്ട്. കൊവിഡ്-19 മഹാമാരിയെ തുടർന്ന് ആഘോഷങ്ങളില്ലാത്ത രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന ദീപാവലി വെളിച്ചവും നന്മയും കൊണ്ട് കൂടുതൽ ശോഭിക്കുകയാണ്.
ഈ ദീപാവലി പ്രവാസി മലയാളികൾക്ക് അവരുടെ സ്ഥിരം സന്തോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ട പാട്ടുകളുടെ ഓർമ്മകൾ കൂടെ നൽകുകയാണ് ദുബായ്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷ് ദുബായ് സിറ്റി സെന്റർ ദെയ്റയിലെ ഫുഡ് സെൻട്രലിൽ പാടാൻ എത്തുകയാണ്, സിങ് വിത് എ സ്റ്റാർ: എ കരോക്കെ ഈവ്നിങ് വിത് അമൃത സുരേഷ് ഇൻ ദുബായ് എന്ന പരിപാടിയിലൂടെ.
ഇന്ത്യയിൽ ഹിന്ദു, ജെയ്ൻ, സിഖ് വിഭാഗക്കാരാണ് ദീപാവലി പ്രധാനമായും ആഘോഷിക്കുന്നത്. വെളിച്ചം ഇരുട്ടിനെ ജയിക്കുന്ന ഉത്സവം എന്നതിനൊപ്പം ഇന്ത്യയുടെ കാർഷിക പൈതൃകത്തിന്റെയും കഥകളുടെയും ഭാഗം കൂടെയാണ് ദീപാവലി. ഇന്ത്യ മുതൽ ട്രിനിഡാഡ് ആൻഡ് ടുബാഗോ വരെ ഇന്ന് ദീപാവലി ആഘോഷിക്കുന്നു.
ധാരാളം ഇന്ത്യക്കാർ വസിക്കുന്ന മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ ദീപാവലി വർഷങ്ങളായി വലിയ ആഘോഷമാണ്. മേഖലയുടെ സാംസ്കാരിക ഹബ് കൂടെയായ യു.എ.ഇ. എപ്പോഴും വലിയ ആഘോഷങ്ങളാണ് ദീപാവലിക്ക് ഒരുക്കുന്നത്. പ്രവാസി മലയാളികൾ ദീപാവലിക്ക് ഒരുങ്ങുമ്പോൾ അവരോട് കൂടെ ആഘോഷത്തിന് തയാറെടുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ.
മലയാളികൾക്ക് സെലിബ്രിറ്റി ഗായിക അമൃത സുരേഷിനൊപ്പം പാടാനുള്ള അവസരമാണ് സിറ്റി സെന്റർ ദെയ്റയിലെ ഫുഡ് സെൻട്രലിൽ നടക്കുന്ന കരോക്കെ സന്ധ്യ. പരിപാടിയിൽ സൗജന്യമായി രജിസ്റ്റർ ചെയ്യുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങൾ കരോക്കെയായി പാടാം, അമൃത സുരേഷിനൊപ്പം വേദി പങ്കിടാം. പാട്ടുകൾക്ക് ഒപ്പം മൂളിയും, പ്രോത്സാഹനം നൽകിയും, ആരാധകരെ സംഗീതത്തിലേക്ക് ക്ഷണിച്ചും അമൃത സുരേഷ് വേദിയിലുണ്ടാകും.
ഒക്ടോബർ 22-ന് വൈകീട്ട് 7 മണി മുതൽ 8.30 വരെയാണ് കരോക്കെ സംഗീത സന്ധ്യ. കരോക്കെ പാട്ടുകൾ പാടാനും അമൃതക്കൊപ്പം പാടാനുള്ള അവസരത്തിനുമായി രജിസ്റ്റർ ചെയ്യാം.
