ദുബായ് : ജനന മരണ സർട്ടിഫിക്കറ്റുകൾക്കുള്ള പ്രക്രിയ കൂടുതൽ ലളിതമാക്കിക്കൊണ്ട് ദുബായ് ആരോഗ്യ അതോറിറ്റിയുടെ അറിയിപ്പ്. അറബ് ഹെൽത്ത് 2020 എന്ന എക്‌സിബിഷനിൽ വെച്ചാണ് 'അൽ ഹംദ്' എന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരോഗ്യ അതോറിറ്റി ഉദ്‌ഘാടനം ചെയ്‌തത്‌.

ഇനി ദുബായിലെ ഏത് പ്രൈവറ്റ്/ഗവണ്മെന്റ് ആശുപത്രിയിലെയും ഡോക്ടർമാർക്ക് ഓൺലൈൻ ആയി ഫോമുകൾ പൂരിപ്പിക്കാനും ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ നൽകാനാകും. ഇതിന്റെ ഹാർഡ് കോപ്പികൾ റാഷിദ്, ദുബായ്, ലത്തീഫ, ഹട്ട എന്നിവിടങ്ങളിലെ ഗവണ്മെന്റ് ആശുപത്രികളിൽ നിന്ന് പ്രിന്റ് ചെയ്തുവാങ്ങാവുന്നതുമാണ്. ജുമൈറ ലേക്ക് ടവേഴ്‌സിലും, അപ്‌ടൗൺ മിർഡിഫിലും ഉള്ള മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളിൽ നിന്നും ഹാർഡ് കോപ്പികൾ ലഭിക്കുന്നതാണ്.

മുമ്പ് ആരോഗ്യവകുപ്പിന്റെ അൽ ബറാഹ ആശുപത്രിയിൽ നിന്ന് മാത്രമാണ് ജനന/മരണ സർട്ടിഫിക്കറ്റുകൾ നേടാനുള്ള സംവിധാനം ഉണ്ടായിരുന്നത്. ഒരു മാസമായി ലൈവ് ആയിട്ടുള്ള ഈ പുതിയ ഓൺലൈൻ സംവിധാനം ഇനി കാര്യങ്ങൾ കുറേക്കൂടി എളുപ്പമാക്കും. ദുബായ് ആരോഗ്യവകുപ്പ് ഇതിനകം തന്നെ നൂറോളം ഡോക്ടർമാർക്ക് പുതിയ ഇലക്ട്രോണിക് സംവിധാനത്തിൽ വേണ്ട പരിശീലനം നൽകിയിട്ടുണ്ട്.മുൻകാലങ്ങളിൽ മരണം സംഭവിക്കുന്ന അവസരങ്ങളിൽ ബന്ധുക്കൾക്ക് ദുബായ് പൊലീസിനെ നേരിട്ട് അറിയിക്കേണ്ടതുണ്ടായിരുന്നു. പൊലീസിൽ നിന്ന് മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ച് എൻഒസി ആശുപത്രിയിലേക്കയക്കുമ്പോൾ അവിടെ നിന്ന് മരണസർട്ടിഫിക്കറ്റ് ഹാർഡ് കോപ്പിയായി അൽ ബറാഹ ആശുപത്രിയിലേക്ക് അയക്കുമായിരുന്നു. മരിച്ചവരുടെ ബന്ധുക്കൾ പ്രവൃത്തിദിവസങ്ങളിൽ പോയി അത് വാങ്ങേണ്ടതുണ്ടായിരുന്നു. ജനന സർട്ടിഫിക്കറ്റുകൾക്ക് എൻഒസി വേണ്ടായിരുന്നു എങ്കിലും, അതും അൽ ബറാഹ ആശുപത്രിയിലേക്ക് അയച്ച ശേഷം അവിടെപ്പോയി വാങ്ങേണ്ട അവസ്ഥ നിലവിലുണ്ടായിരുന്നു.

അൽ ഹംദ് എന്ന പുതിയ സംവിധാനം വരുന്നതോടെ ഈ നൂലാമാലകൾ ഒക്കെ ഒഴിവായി എല്ലാം 'പേപ്പർലെസ്സ്' ആവുകയായി. എല്ലാ സമ്പർക്കങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയാണ് നടക്കുക. ആറു സെന്ററുകളിൽ ഏതെങ്കിലും ഒന്നിൽ ചെന്ന് 70 ദിർഹംസ് നൽകി സർട്ടിഫിക്കറ്റ് സ്വന്തമാക്കാം. പുതിയ സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാകും എന്നതിനാൽ ഇനി ഇക്കാര്യത്തിൽ 'ലീഗൽ ട്രാൻസ്‌ലേഷൻ' നടത്താൻ വേണ്ടി പാടുപെടേണ്ട കാര്യവും ഇനിയില്ല. ഇത് ദുബായ് നിവാസികളുടെ സമയവും അധ്വാനവും ഏറെ ലഭിക്കുമെന്ന് ദുബായ് ആരോഗ്യ അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുതാമി ഗൾഫ് ന്യൂസിനോട് പറഞ്ഞു.