പ്രാദേശിക വിപണിയില്‍ വില്‍ക്കുന്നതിനായി മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് റീപാക്ക് ചെയ്ത നിലയിലായിരുന്നു. പരിശോധനയില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് വീണ്ടും പാക്ക് ചെയ്തതായി കണ്ടെത്തി.
ദുബൈ: ദുബൈയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ഫേസ് മാസ്‌കുകള്‍. ദുബൈയിലെ റാസ് അല്‍ ഖോര്‍ പ്രദേശത്ത് ഒരു ഷിപ്പിങ് കമ്പനി നടത്തുന്ന അനധികൃത വെയര്‍ ഹൗസില്‍ ദുബൈ എക്കണോമി നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ മാസ്‌കുകള്‍ കണ്ടെത്തിയത്. ഇതിന്‍റെ വീഡിയോ ദുബൈ എക്കണോമി ട്വിറ്ററില്‍ പങ്കുവെച്ചു.
ഉപഭോക്തൃ അവകാശങ്ങളും സംരക്ഷണം ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് ദുബൈ എക്കണോമിയിലെ ഭൗതിക സ്വത്തവകാശ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം ബെഹ്‌സാദ് പറഞ്ഞു. പ്രാദേശിക വിപണിയില്‍ വില്‍ക്കുന്നതിനായി മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് റീപാക്ക് ചെയ്ത നിലയിലായിരുന്നു. പരിശോധനയില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് മാസ്‌കുകള്‍ ബ്രാന്‍ഡഡ് പാക്കറ്റുകളിലേക്ക് വീണ്ടും പാക്ക് ചെയ്തതായി കണ്ടെത്തി.
തുണികൊണ്ട് നിര്‍മ്മിച്ച ആയിരത്തോളം മാസ്‌കുകളും അധികൃതര്‍ പിടിച്ചെടുത്തു. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ നടപടികള്‍ സ്വീകരിച്ചു. അനധികൃതമായി പ്രവര്‍ത്തിച്ച വെയര്‍ഹൗസ് അടച്ചുപൂട്ടി. ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ 5,000 ദിര്‍ഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
