ദുബൈ: പാര്‍ക്ക് ചെയ്‍തിരുന്ന ട്രക്കുകളില്‍ നിന്ന് ബാറ്ററികള്‍ മോഷ്‍ടിച്ച സംഭവത്തില്‍ പ്രവാസി അറസ്റ്റിലായി. പണത്തിന് ആവശ്യമുണ്ടായിരുന്നത് കൊണ്ടാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.

ദുബൈയിലെ അല്‍ ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന ട്രക്കുകളില്‍ നിന്നാണ് ബാറ്ററി മോഷ്‍ടിച്ചിരുന്നത്. ട്രക്കുകള്‍ക്ക് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ഇവരോട് കാര്യം അന്വേഷിച്ചത്. മോഷണശ്രമമാണെന്ന് മനസിലായതോടെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‍തു. ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബാറ്ററി മോഷ്‍ടിച്ചാല്‍ 100 ദിര്‍ഹം ലഭിക്കുമെന്നും പണത്തിന് ആവശ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്‍തതെന്നും ഇയാള്‍ പറഞ്ഞു.